എഎപി ബന്ധം ഉപേക്ഷിച്ച് മണിക്കൂറുകൾക്കകം ബിജെപി ആസ്ഥാനത്തെത്തി രാഘവ് ഛദ്ദയും എംപിമാരും അംഗത്വമെടുത്തു, ആഘോഷം; പിളർപ്പിന്‍റെ ആഘാതം കെജ്രിവാളിന് കടുപ്പം

ആം ആദ്മി പാർട്ടി വിട്ട പ്രമുഖ നേതാവ് രാഘവ് ഛദ്ദയും മറ്റ് രണ്ട് രാജ്യസഭാ എംപിമാരും ബിജെപിയിൽ അംഗത്വം സ്വീകരിച്ചു. ഛദ്ദയ്‌ക്കൊപ്പം സന്ദീപ് പഥക്, അശോക് മിത്തൽ എന്നിവരാണ് ബിജെപി ആസ്ഥാനത്തെത്തി ഔദ്യോഗികമായി പാർട്ടിയിൽ ചേർന്നത്. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ നേതാക്കളെ മധുരം നൽകി സ്വീകരിച്ചു. എഎപി വിടുമെന്ന പ്രഖ്യാപനം നടത്തി മണിക്കൂറുകൾക്കുള്ളിലായിരുന്നു ഈ അപ്രതീക്ഷിത നീക്കം.

അഴിമതിക്കെതിരായ പോരാട്ടത്തിൽ നിന്ന് എഎപി വ്യതിചലിച്ചുവെന്നും സത്യസന്ധമായ രാഷ്ട്രീയത്തിൽ നിന്ന് പാർട്ടി അകന്നുപോയെന്നും ബിജെപിയിൽ ചേർന്ന നേതാക്കൾ കുറ്റപ്പെടുത്തി. ഹർഭജൻ സിംഗ്, സ്വാതി മാലിവാൾ എന്നിവരടക്കം കൂടുതൽ എംപിമാർ വരും ദിവസങ്ങളിൽ ബിജെപിയിലേക്ക് എത്തുമെന്ന് രാഘവ് ഛദ്ദ അവകാശപ്പെട്ടു. രാജ്യസഭയിലെ പത്ത് എംപിമാരിൽ ഏഴുപേരും പാർട്ടി വിടുന്നതോടെ അയോഗ്യതാ ഭീഷണി മറികടക്കാനാകുമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ.

അരവിന്ദ് കെജ്രിവാളിനും ആം ആദ്മി പാർട്ടിക്കും ദേശീയതലത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ തിരിച്ചടിയായാണ് ഈ പിളർപ്പ് വിലയിരുത്തപ്പെടുന്നത്. പഞ്ചാബ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നടന്ന ഈ കൂറുമാറ്റം സംസ്ഥാന സർക്കാരിനെ അടക്കം പ്രതിസന്ധിയിലാക്കിയേക്കും. അതേസമയം, നടന്നത് ‘ഓപ്പറേഷൻ ലോട്ടസ്’ ആണെന്നും ജനങ്ങൾ കൂറുമാറിയവർക്ക് മാപ്പ് നൽകില്ലെന്നും എഎപി നേതാവ് സഞ്ജയ് സിംഗ് പ്രതികരിച്ചു. രാജ്യസഭയിൽ ബിജെപിയുടെ അംഗസംഖ്യ വർദ്ധിക്കുന്നത് കേന്ദ്ര സർക്കാരിന് നിയമനിർമ്മാണങ്ങളിൽ കൂടുതൽ കരുത്താകും.

Raghav Chadha and AAP MPs join BJP; Nithin Naveen welcomes them at party HQ as Arvind Kejriwal faces major blow

More Stories from this section

family-dental
witywide