ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന ഏഴ് രാജ്യസഭാ എംപിമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് എഎപി രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണന് കത്ത് നൽകി. മുതിർന്ന നേതാവ് സഞ്ജയ് സിങ്ങാണ് ഞായറാഴ്ച ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് കൈമാറിയത്. രാഘവ് ഛദ്ദ, ഹർഭജൻ സിങ്, സ്വാതി മലിവാൾ എന്നിവരടക്കമുള്ള ഏഴ് പേർ ബിജെപിയിലേക്ക് മാറിയത് കൂറുമാറ്റ നിരോധന നിയമത്തിന്റെ ലംഘനമാണെന്ന് എഎപി ആരോപിച്ചു. വെള്ളിയാഴ്ചയായിരുന്നു അരവിന്ദ് കെജ്‌രിവാളിന്റെ പാർട്ടിയെ ഞെട്ടിച്ചുകൊണ്ട് എംപിമാർ കൂടുമാറ്റം നടത്തിയത്.
എന്നാൽ, പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളിൽ മൂന്നിൽ രണ്ട് ഭാഗം പേരും മറ്റൊരു പാർട്ടിക്കൊപ്പം ചേർന്നാൽ അയോഗ്യത ബാധിക്കില്ലെന്ന നിയമവശമാണ് രാഘവ് ഛദ്ദയുടെ നേതൃത്വത്തിലുള്ള സംഘം ഉയർത്തിക്കാട്ടുന്നത്. എഎപിക്ക് രാജ്യസഭയിലുള്ള പത്ത് അംഗങ്ങളിൽ ഏഴുപേരും ബിജെപിയിൽ ചേർന്നതിനാൽ അയോഗ്യത നിലനിൽക്കില്ലെന്നാണ് ഇവരുടെ വാദം. എഎപി തങ്ങളുടെ അടിസ്ഥാന മൂല്യങ്ങളിൽ നിന്ന് വ്യതിചലിച്ചതാണ് പാർട്ടി വിടാൻ കാരണമെന്നും ബിജെപിയിൽ ചേർന്ന അംഗങ്ങൾ വ്യക്തമാക്കിയിരുന്നു.
അതേസമയം, ഭരണഘടനാ വിദഗ്ധരുമായും നിയമവിദഗ്ധരുമായും ആലോചിച്ച ശേഷമാണ് തങ്ങൾ പരാതി നൽകിയതെന്ന് സഞ്ജയ് സിങ് പറഞ്ഞു. കപിൽ സിബൽ അടക്കമുള്ളവരുമായി നടത്തിയ ചർച്ചയിൽ എംപിമാർ അയോഗ്യരാക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് വ്യക്തമായതെന്നും അദ്ദേഹം അവകാശപ്പെട്ടു. പാർട്ടിയിൽ നിന്ന് രാജിവെച്ചവർ ജനങ്ങളോടും ജനാധിപത്യത്തോടും വഞ്ചന കാണിച്ചുവെന്നാണ് എഎപി നേതൃത്വത്തിന്റെ നിലപാട്. വിഷയത്തിൽ രാജ്യസഭാ ചെയർമാൻ സ്വീകരിക്കുന്ന നടപടി നിർണ്ണായകമാകും.
AAP moves to disqualify 7 Rajya Sabha MPs who joined BJP; Sanjay Singh submits plea to Chairman










