അമേരിക്കയും യൂറോപ്പും ‘സ്വപ്നം’ കണ്ടവർക്ക് വൻ തിരിച്ചടിയായി കാനഡയുടെ ഫെഡറൽ നയം, ഇന്ത്യൻ വിദ്യാർഥികളുടെയടക്കം പ്രതിഷേധം കനക്കുന്നു

ഒട്ടാവ: കുടിയേറ്റ വിദ്യാർഥികളെ പ്രതികൂലമായി ബാധിക്കുന്ന കാനഡ സർക്കാരിന്റെ ഫെഡറൽ നയത്തിനെതിരെ ഇന്ത്യൻ വിദ്യാർഥികളുടെയടക്കം പ്രതിഷേധം കാനഡയിൽ ശക്തമാകുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ത്യൻ വിദ്യാർഥികൾ ശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്. പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ് പ്രവിശ്യയിലെ നിയമ നിര്‍മാണ സഭയ്ക്ക് മുന്നിലും ഒൺടാരിയോ, മാനിട്ടോബ, ബ്രിട്ടീഷ് കൊളംബിയ തുടങ്ങിയ മേഖലകളിലും പ്രതിഷേധമുയര്‍ന്നു.

കുടിയേറ്റ നയം മാറ്റം മൂലം നാടുകടത്തൽ ഭീഷണി നേരിടുന്ന വിദേശ വിദ്യാ‍ർത്ഥികളാണ് കാനഡയിൽ പ്രതിഷേധം കടുപ്പിച്ചിരിക്കുന്നത്. 70000 പേരാണ് നാടുകടത്തൽ ഭീഷണി നേിടുന്നത്. സർക്കാർ നയം മാറ്റം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ പ്ലക്കാർഡുകളുമേന്തി പ്രതിഷേധത്തിലാണ്. സ്ഥിര താമസ അപേക്ഷകരിൽ 25 ശതമാനത്തോളം കുറവ് വരുത്താനാണ് സർക്കാർ തീരുമാനം. ഇതുമൂലം ഇന്ത്യൻ വിദ്യാർത്ഥികളിൽ വലിയൊരു വിഭാഗത്തിന് നാട്ടിലേക്ക് മടങ്ങേണ്ടി വരുമെന്നതാണ് സാഹചര്യമെന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി.

വടക്കേ അമേരിക്കയിലേക്കും യൂറോപ്പിലേക്കും താമസം മാറാമെന്ന ലക്ഷ്യത്തോടെ കാനഡയിൽ പഠിക്കാനെത്തുന്ന വിദേശ വിദ്യാർത്ഥികളിൽ വലിയ വിഭാഗം ഇന്ത്യാക്കാരാണ്. രാജ്യത്തെ ഗിഗ് സമ്പദ്‌വ്യവസ്ഥയ്ക്ക് മാനവ വിഭവം ആവശ്യമായതിനാൽ കുടിയേറ്റം വൻ തോതിൽ പ്രോത്സാഹിപ്പിക്കുന്ന നിലപാടായിരുന്നു കനേഡിയൻ സർക്കാരിൻ്റേത്. 28 ലക്ഷം ഇന്ത്യാക്കാർ നിലവിൽ കാനഡയിലുണ്ടെന്നാണ് കണക്ക്. എന്നാൽ നയം മാറ്റം വിദേശ വിദ്യാർത്ഥികൾക്ക് വലിയ തിരിച്ചടിയാണ്.

വർക്ക്‌ പെർമിറ്റ്‌ കാലാവധി നീട്ടണമെന്നും സ്ഥിരതാമസത്തിന്‌ അനുമതി നൽകണമെന്നുമാണ്‌ വിദ്യാർഥികളുടെ ആവശ്യം. കുടിയേറ്റ നയങ്ങളിലെ മാറ്റങ്ങളെത്തുടർന്ന്‌ 70000 വിദേശ വിദ്യാർഥികൾ പുറത്താക്കൽ ഭീഷണിയിലാണെന്ന്‌ വിദ്യാർഥി അഭിഭാഷക സംഘടനയായ നൗജവാൻ സപ്പോർട്ട്‌ നെറ്റ്‌വർക്ക്‌ അറിയിച്ചു. ഇതിൽ ഭൂരിഭാഗവും ഇന്ത്യൻ വിദ്യാർഥികളാണ്‌. വിദേശ വിദ്യാർഥികളുടെ എണ്ണം കുറയ്‌ക്കാൻ ലക്ഷ്യമിട്ട്‌ ജസ്‌റ്റിൻ ട്രൂഡോ സർക്കാർ ജനുവരിയിൽ കൊണ്ടുവന്ന നയം സെപ്‌തംബർ മുതലാണ്‌ നടപ്പാവുക. നിയമം നടപ്പാകുന്നതോടെ അന്താരാഷ്‌ട്ര വിദ്യാർഥി വർക്ക്‌ പെർമിറ്റുകൾ മുൻവർഷത്തേക്കാൾ 35 ശതമാനം കുറയും. കാനഡയിലെ വിദ്യാര്‍ഥികളില്‍ 37 ശതമാനവും വിദേശ വിദ്യാര്‍ഥികളാണ്. ഇവർക്കെല്ലാം പുതിയ നയം വലിയ തിരിച്ചടിയാണ് എന്നതാണ് പ്രതിഷേധം കനക്കാൻ കാരണം.