നാറ്റോയുമായി തർക്കം; ജർമ്മനിയിലെ സൈനികരെ പിൻവലിക്കാൻ ട്രംപിൻ്റെ നീക്കം

വാഷിംഗ്ടൺ: ഇറാൻ യുദ്ധത്തെച്ചൊല്ലി യൂറോപ്യൻ സഖ്യകക്ഷികളുമായുള്ള ഭിന്നത രൂക്ഷമായ പശ്ചാത്തലത്തിൽ, ജർമ്മനിയിലെ അമേരിക്കൻ സൈനികരുടെ എണ്ണം കുറയ്ക്കാൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ആലോചിക്കുന്നു. ജർമ്മനിയിലെ സൈനിക വിന്യാസം പുനഃപരിശോധിച്ചു വരികയാണെന്നും ഉടൻ തീരുമാനമുണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കി.

ഇറാൻ യുദ്ധത്തിൽ അമേരിക്കയെ പിന്തുണയ്ക്കാത്ത നാറ്റോ സഖ്യത്തെ ‘കടലാസ് പുലി’ എന്ന് വിശേഷിപ്പിച്ച ട്രംപ്, സഖ്യം വിടുമെന്ന ഭീഷണിയും ആവർത്തിച്ചു. യൂറോപ്യൻ രാജ്യങ്ങൾ പ്രതിരോധത്തിനായി മതിയായ തുക ചിലവഴിക്കുന്നില്ലെന്നും അമേരിക്കയെ അമിതമായി ആശ്രയിക്കുകയാണെന്നുമാണ് ട്രംപിൻ്റെ പ്രധാന ആരോപണം.

അമേരിക്കയ്ക്ക് ഇറാൻ വിഷയത്തിൽ കൃത്യമായ തന്ത്രമില്ലെന്ന് വിമർശിച്ച ജർമ്മൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസിനെതിരെ ട്രംപ് രൂക്ഷമായാണ് പ്രതികരിച്ചത്. മെർസിന് എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് അറിയില്ലെന്നും ഇറാൻ ആണവായുധം നിർമ്മിക്കുന്നത് അദ്ദേഹം അനുകൂലിക്കുകയാണെന്നും ട്രംപ് പരിഹസിച്ചു. ജർമ്മനിയുടെ സാമ്പത്തിക തകർച്ചയ്ക്ക് കാരണം ഇത്തരം നിലപാടുകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ടാം ലോകമഹായുദ്ധം മുതൽ ജർമ്മനിയിൽ അമേരിക്കയ്ക്ക് വലിയ സൈനിക സന്നാഹമുണ്ട്. നിലവിൽ 36,000 സജീവ സൈനികരാണ് ജർമ്മനിയിലുള്ളത്. തൻ്റെ ആദ്യ ഭരണകാലത്തും സൈനികരെ പിൻവലിക്കാൻ ട്രംപ് ശ്രമിച്ചിരുന്നെങ്കിലും പിന്നീട് വന്ന ബൈഡൻ ഭരണകൂടം ആ തീരുമാനം റദ്ദാക്കുകയായിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ സൈനികരെ കുറയ്ക്കാനുള്ള നീക്കവുമായി മുന്നോട്ട് പോകാനാണ് ട്രംപിൻ്റെ തീരുമാനം.

Dispute with NATO; Trump moves to withdraw troops from Germany

More Stories from this section

family-dental
witywide