ന്യൂഡൽഹി: ഇന്ത്യൻ ഉല്പന്നങ്ങൾക്ക് ഇനി ‘സീറോ-ഡ്യൂട്ടി’. നിർണായകമായ സ്വതന്ത്ര വ്യാപാര കരാറിൽ തിങ്കളാഴ്‌ച ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ ഡൽഹിയിൽ ഒപ്പുവെക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന ഈ കരാർ വെറും ഒമ്പത് മാസം കൊണ്ടാണ് അന്തിമരൂപത്തിലെത്തിയത്. ഇന്ത്യയിലെ 140 കോടി ഉപഭോക്താക്കളിലേക്ക് ന്യൂസിലൻഡ് ഉല്പന്നങ്ങൾ എത്തിക്കുക എന്നതാണ് കരാറിൻ്റെ പ്രധാന ലക്ഷ്യമെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ പറഞ്ഞു.
ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വെച്ച് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയലും ന്യൂസിലൻഡ് വ്യാപാര മന്ത്രി ടോഡ് മക്ലേയും ചേർന്നാണ് കരാറിൽ ഒപ്പുവെക്കുന്നത്. നിലവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം കുറവാണ്. ഈ കരാറിലൂടെ അഞ്ച് വർഷത്തിനുള്ളിൽ 500 കോടിയിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. പസഫിക് മേഖലയിലേക്കുള്ള ഇന്ത്യയുടെ പ്രധാന വാണിജ്യ കവാടമായി ന്യൂസിലൻഡ് മാറുമെന്നതാണ് ഈ കരാറിന്റെ ഏറ്റവും വലിയ പ്രത്യേകത.
കരാർ പ്രകാരം, അടുത്ത 15 വർഷത്തിനുള്ളിൽ 2000 കോടി ഡോളറിന്റെ (ഏകദേശം 1.6 ലക്ഷം കോടി രൂപ) നിക്ഷേപമാണ് ന്യൂസിലൻഡ് ഇന്ത്യക്ക് വാഗ്ദാനം ചെയ്‌തിരിക്കുന്നത്. വാഗ്ദാനം ലംഘിക്കപ്പെട്ടാൽ കരാർ ആനുകൂല്യങ്ങൾ റദ്ദാക്കാൻ ഇന്ത്യക്ക് പ്രത്യേക അധികാരമുണ്ടാകും. കൂടാതെ, ന്യൂസിലൻഡിലേക്ക് കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ ഉല്പന്നങ്ങൾക്ക് ഇനി നികുതി ഭാരമുണ്ടാകില്ല (സീറോ-ഡ്യൂട്ടി). ടെക്സ്റ്റൈൽസ്, ഫാർമസ്യൂട്ടിക്കൽസ്, എൻജിനീയറിങ് മേഖലകൾക്ക് ഇത് വലിയ സാധ്യതയാണ് തുറന്നിടുന്നത്. അതുപോലെ തന്നെ ന്യൂസിലൻഡിൽ നിന്നുള്ള 95 ശതമാനം ഉല്പന്നങ്ങളുടെയും ഇറക്കുമതി തീരുവ ഇന്ത്യ കുറക്കുകയോ ഒഴിവാക്കുകയോ ചെയ്യും.
ഇതിൽ കമ്പിളി, കൽക്കരി, മരം, വൈൻ, ആപ്പിൾ, കിവി തുടങ്ങിയവ ഉൾപ്പെടും. ഇന്ത്യൻ കർഷകരുടെ താലപര്യം സംരക്ഷിക്കുന്നതിൻ്റെ ഭാഗമായി രാജ്യത്തെ ഡയറി മേഖലയെയും പ്രധാന കാർഷിക ഉല്പന്നങ്ങളെയും (പാൽ, ചീസ്, പഞ്ചസാര, സുഗന്ധവ്യഞ്ജനങ്ങൾ) കരാറിൽ നിന്ന് പൂർണമായും ഒഴിവാക്കി. ഐടി, ആരോഗ്യ മേഖലകളിലെ 5,000 പ്രൊഫഷണലുകൾക്ക് താല്‌കാലിക തൊഴിൽ വിസകൾ ലഭിക്കും. കൂടാതെ യോഗ, ആയുഷ്, പാചക കല, സംഗീതം എന്നീ മേഖലകളിലുള്ളവർക്ക് പ്രത്യേക വിസ അനുവദിക്കും. വിദ്യാർഥികൾക്കായി 1,000 ‘വർക്ക് ആൻഡ് ഹോളിഡേ’ വിസകളും പ്രതിവർഷം ലഭ്യമാക്കും.
Now ‘zero-duty’; India, New Zealand to sign trade deal on Monday











