
ടെഹ്റാൻ: ഗാസയിലെ യുദ്ധം നീട്ടാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ശ്രമിക്കുന്നുണ്ടെങ്കിലും മേഖല സ്ഥിരതയിലേക്ക് നീങ്ങുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ-അബ്ദുള്ളാഹിയൻ. ശനിയാഴ്ച ലെബനനിലെ ബെയ്റൂട്ടിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ലെബനനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണം നെതന്യാഹുവിന്റെയും അദ്ദേഹത്തിന്റെ തീവ്രവാദ മന്ത്രിസഭയുടെയും അന്ത്യത്തിനു കാരണമാകുമെന്ന് ഹുസൈൻ അമീർ പറഞ്ഞു. അധികാരം നിലനിർത്താൻ നെതന്യാഹു അമേരിക്കയെ ചേർത്തുപിടിക്കുന്നു. പ്രാദേശിക സംഘട്ടനങ്ങളിലേക്ക് യുഎസിനെ വലിച്ചിഴയ്ക്കുന്നു. അമേരിക്കയുടെ പിന്തുണയില്ലാതെ ഒരുമണിക്കൂർ പോലും യുദ്ധം തുടരാൻ ഇസ്രയേലിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പലസ്തീനിന്റെയും ഹമാസിന്റെയും ചെറുത്തുനിൽപ്പ് വളരെ കൃത്യമാണെന്നും എന്നാൽ ഇസ്രയേൽ അവരുടെ പ്രഖ്യാപിത ലക്ഷ്യത്തിൽ എത്തുന്നതിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച ബെയ്‌റൂട്ടിലെത്തിയ അമീർ-അബ്ദുള്ളാഹിയൻ ശനിയാഴ്ച ലെബനൻ ഉദ്യോഗസ്ഥരുമായും ലെബനൻ ആസ്ഥാനമായുള്ള പലസ്തീൻ ഗ്രൂപ്പുകളുടെ നേതാക്കളുമായും വിപുലമായ ചർച്ചകൾ നടത്തി.
ലെബനനിലെയും ഇറാഖിലെയും ഇറാൻ അനുകൂല സംഘങ്ങൾ ചെങ്കടൽ ഉൾപ്പെടെ മേഖലയിൽ യുഎസിനും സഖ്യസേനയ്ക്കുമെതിരെ ആക്രമണം നടത്തുന്നതായി യുഎസ് ആരോപിച്ച സാഹചര്യത്തിലാണ് സന്ദർശനം.















