ഡൽഹി ജന്തർ മന്ദിറിലെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് നടന്ന സംഭവവികാസങ്ങളിൽ വൈകാരിക പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇൻസ്റ്റഗ്രാമിലെ പുതിയ വീഡിയോ സന്ദേശത്തിലൂടെയാണ് ആദ്യമായി ജന്തർ മന്ദിർ വിഷയത്തിൽ പ്രധാനമന്ത്രി സംസാരിച്ചത്. അവിടെ എന്തൊക്കെയാണ് സംഭവിച്ചതെന്ന് രാജ്യം മുഴുവൻ കണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ കുട്ടികൾക്ക് മാപ്പ് നൽകുന്നതായി വ്യക്തമാക്കിയ അദ്ദേഹം, ചെറിയ പ്രായത്തിൽ തെറ്റുകൾ സംഭവിക്കുന്നത് സ്വാഭാവികമാണെന്നും അത് തിരുത്താൻ ഇനിയും അവസരമുണ്ടെന്നും കൂട്ടിച്ചേർത്തു.
കുട്ടികളെ നേരായ വഴി നടത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. താൻ നിങ്ങൾക്കു വേണ്ടിയും നിങ്ങളുടെ നല്ല ഭാവിക്കു വേണ്ടിയുമാണ് ജീവിക്കുന്നതെന്നും, രാജ്യത്തെ മുന്നോട്ട് നയിക്കാൻ എല്ലാവരും ഒന്നിച്ചുനിൽക്കണമെന്നും അദ്ദേഹം കുട്ടികളോട് ആഹ്വാനം ചെയ്തു. ജന്തർ മന്ദിറിലെ പ്രതിഷേധത്തിനിടയിൽ ചിലർ മോശം പദപ്രയോഗങ്ങൾ നടത്തിയത് ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും അത്തരം പരാമർശങ്ങൾ ഒരു സംസ്കാരമുള്ള സമൂഹത്തിന് ചേർന്നതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ സംഭവത്തിൽ നേരത്തെ നോയിഡ സ്വദേശിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കുട്ടികൾക്ക് മാപ്പ് നൽകിക്കൊണ്ടും പ്രക്ഷോഭ രംഗത്തുണ്ടായിരുന്ന യുവാക്കളെ ചേർത്തുപിടിച്ചുകൊണ്ടുമുള്ള പ്രധാനമന്ത്രിയുടെ വൈകാരികമായ സന്ദേശം പുറത്തുവന്നിരിക്കുന്നത്.
PM Narendra Modi Releases New Video Message, Forgives Youth For Defamatory Remarks During Jantar Mantar Protest













