“ഞങ്ങൾ ഇസ്രയേലിനെ ആക്രമിക്കും, അടി കിട്ടേണ്ടെങ്കിൽ മാറി നിൽക്കണം”- യുഎസിന് ഇറാൻ്റെ മുന്നറിയിപ്പ്

തങ്ങൾ ഇസ്രയേലിനെ ആക്രമിക്കുമെന്ന് ഇറാൻ. നെതന്യാഹുവിൻ്റെ കെണിയിൽ വീഴരുതെന്നും അടി കിട്ടാതിരിക്കാൻ അമേരിക്ക മാറിനിൽക്കണമെന്നും ഇറാൻ യുഎസിന് മുന്നറിയിപ്പും നൽകി. വാഷിംഗ്ടണിന് അയച്ച രേഖാമൂലമുള്ള സന്ദേശത്തിൽ ഇക്കാര്യം അറിയിച്ചതായി ഇറാനിയൻ പ്രസിഡൻ്റിൻ്റെ രാഷ്ട്രീയകാര്യ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ജംഷിദി എക്‌സിൽ കുറിച്ചു.

ഇതിന് മറുപടിയായി അമേരിക്കൻ കേന്ദ്രങ്ങൾ ആക്രമിക്കരുതെന്ന് അമേരിക്ക ഇറാനോട് ആവശ്യപ്പെട്ടതായും ജംഷിദി പറഞ്ഞു. സിറിയയിലെ ഇറാനിയൻ കോൺസുലേറ്റിന് നേരെ ഇസ്രയേൽ ആക്രമണം നടത്തിയതിനെതിരെ പ്രത്യാക്രമണത്തിന് തയാറെടുക്കുകയാണ് ഇറാൻ. അതേസമയം ഇസ്രയേലുമായി യുദ്ധത്തിന് തയ്യാറാണെന്ന് ഹിസ്ബുള്ള പ്രഖ്യാപിച്ചു.

ഇറാൻ അയച്ച സന്ദേശത്തെക്കുറിച്ച് യുഎസ് പ്രതികരിച്ചിട്ടില്ല. യുഎസ് അതീവ ജാഗ്രതയിലാണെന്നും മേഖലയിലെ ഇസ്രയേലി അല്ലെങ്കിൽ അമേരിക്കൻ സങ്കേതങ്ങൾക്കു നേരെ ആക്രമണത്തിന് ഇറാൻ തയ്യാറെടുക്കുകയാണെന്നും സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

ഇസ്രായേലിനുള്ളിൽ സൈനിക അല്ലെങ്കിൽ രഹസ്യാന്വേഷണ ലക്ഷ്യങ്ങൾക്കെതിരെ ആക്രമണം നടക്കുമെന്ന് പ്രസിഡൻ്റ് ജോ ബൈഡൻ്റെ ഭരണകൂടം ആശങ്കപ്പെടുന്നതായി രണ്ട് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എൻബിസി റിപ്പോർട്ട് ചെയ്തു.

ഡമാസ്‌കസിൽ ഇസ്രയേൽ ആക്രമണം നടത്തുമെന്ന് യുഎസ് അറിഞ്ഞിരുന്നില്ലെന്ന് ഇറാനെ യുഎസ് അറിയിച്ചിട്ടുണ്ട്. ഇക്കാര്യം നേരിട്ട് അറിയിക്കുക എന്ന അസാധാരണ നടപടി ബൈഡൻ ഭരണകൂടം സ്വീകരിച്ചതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. പശ്ചിമേഷ്യയിലുള്ള സ്വന്തം സേനകളെയും താവളങ്ങളെയും ആക്രമിക്കുന്നത് തടയാൻ യുഎസ് ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഇത് എന്ന് കരുതുന്നു.

ഇസ്രായേലിന് ‘അടി’ നൽകുമെന്ന് ഇറാൻ അറിയിച്ചിട്ടുണ്ടെങ്കിലും അത് എപ്പോൾ എവിടെ സംഭവിക്കുമെന്ന കാര്യം വ്യക്തമല്ല.ഡമാസ്കസിലെ ഇറാൻ കോൺസുലേറ്റിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ രണ്ട് ജനറൽമാരുൾപ്പെടെ ഏഴ് ഇറാൻ പൌരനമാർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി സിറിയയിലെ ഇറാനുമായി ബന്ധപ്പെട്ട ഇടങ്ങൾ ഇസ്രായേൽ ആവർത്തിച്ച് ലക്ഷ്യമിടുന്നുണ്ടെങ്കിലും, ഇറാൻ്റെ നയതന്ത്ര ഓഫിസിന് നേരെ ആക്രമണം നടത്തുന്നത് ഇതാദ്യമാണ്.

Iran Tells US To Step Aside Because They Are going to Attack Israel

More Stories from this section

family-dental
witywide