ചീഫ് ജസ്റ്റിസിനെതിരായ വിവാദ പോസ്റ്റിൽ കോൺഗ്രസ്‌ മറുപടി പറയണം; കെ.പി.സി.സിക്ക് സുപ്രീം കോടതി നോട്ടീസ്

കൊച്ചി: സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ വിവാദ എക്സ് (ട്വിറ്റർ) പോസ്റ്റിന്റെ പേരിൽ കെ.പി.സി.സിക്ക് സുപ്രീം കോടതിയുടെ തിരിച്ചടി. ചീഫ് ജസ്റ്റിസിന് നോട്ടീസ് അയക്കാൻ പരമോന്നത കോടതി ഉത്തരവിട്ടു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം നടത്തിയ സുപ്രീം കോടതി മാർച്ചിനിടെയായിരുന്നു കെ.പി.സി.സിയുടെ ഔദ്യോഗിക എക്സ് പേജിൽ വിവാദ കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. സമരം ചെയ്ത നേതാക്കളെ കാണാൻ നിയമപ്രശ്നങ്ങളുള്ളതിനാൽ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചതിൽ രോഷം പ്രകടിപ്പിച്ചുകൊണ്ടായിരുന്നു പോസ്റ്റ്.

‘സൂര്യകാന്ത് രാജിവെയ്ക്കൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’ എന്നടക്കമുള്ള രൂക്ഷമായ പരാമർശങ്ങൾ അടങ്ങിയ കുറിപ്പ് വൻ വിവാദമായതോടെ ഉടനടി പിൻവലിച്ചിരുന്നു. സംഭവം കെ.പി.സി.സി നേതൃത്വത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് നടന്നതെന്നും, ഇതിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽ നിന്ന് ഒഴിവാക്കിയെന്നും പ്രസിഡന്റ് സണ്ണി ജോസഫ് വിശദീകരിച്ചിരുന്നു. എന്നാൽ വിഷയം ചൂണ്ടിക്കാട്ടി ഹർജി എത്തിയതോടെയാണ് സുപ്രീം കോടതി ഇപ്പോൾ കെ.പി.സി.സിക്ക് ഔദ്യോഗികമായി നോട്ടീസ് അയച്ചിരിക്കുന്നത്.

ഈ തിരിച്ചടിക്ക് പിന്നാലെ പാർട്ടി ഡിജിറ്റൽ മീഡിയ സെല്ലിനെ കടുപ്പിച്ച് നിയന്ത്രിക്കാൻ കെ.പി.സി.സി തീരുമാനിച്ചു. നിലവിൽ സെല്ലിന്റെ തലപ്പത്ത് നാഥനില്ലാത്ത അവസ്ഥയാണുള്ളത്. മുൻപ് ചെയർമാൻ സ്ഥാനം വഹിച്ചിരുന്ന വി.ടി. ബൽറാം ബിഹാർ ബീഡി പരാമർശ വിവാദത്തെ തുടർന്ന് ഒഴിഞ്ഞതിന് പിന്നാലെ ഹൈബി ഈഡൻ ചുമതലയേറ്റെടുത്തെങ്കിലും, അദ്ദേഹവും ഏപ്രിലിൽ പദവി ഒഴിഞ്ഞുതരണമെന്ന് കാണിച്ച് കത്ത് നൽകിയിരുന്നു. തുടർന്ന് ഡിജിറ്റൽ അക്കൗണ്ടുകളുടെ പ്രവർത്തനത്തിന് കൃത്യമായ മേൽനോട്ടമില്ലാത്ത അവസ്ഥയായിരുന്നു.

പാർട്ടിക്ക് ഏറെ അവമതിപ്പുണ്ടാക്കിയ സംഭവത്തിൽ എ.ഐ.സി.സി നേതൃത്വവും വലിയ രോഷത്തിലാണ്. മുൻ കെ.എസ്.യു പ്രവർത്തകരായ ചിലർ കൃത്യമായ ആലോചനകളില്ലാതെ സ്വയം ചുമതലയേറ്റെടുത്ത് പോസ്റ്റുകൾ നിർമ്മിക്കുന്നതാണ് തിരിച്ചടിയാകുന്നതെന്നാണ് ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാണിക്കുന്നത്. പോസ്റ്റുകൾ മുൻകൂട്ടി പരിശോധിച്ച് അനുമതി നൽകാൻ സംവിധാനമില്ലാത്തതും പ്രതിസന്ധി വർദ്ധിപ്പിച്ചു. ഈ സാഹചര്യത്തിലാണ് അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിന് കർശന മാർഗ്ഗനിർദ്ദേശങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരാൻ കെ.പി.സി.സി ആലോചിക്കുന്നത്.

Supreme Court Issues Notice to KPCC Over Controversial Social Media Post Against Chief Justice; Digital Media Cell Faces Overhaul

More Stories from this section

family-dental
witywide