
തിരുവനന്തപുരം: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ‘മയക്കുമരുന്ന് താണ്ഡവം’ പരാമർശം നടത്തിയ ബി.ജെ.പി കൗൺസിലർ ശ്രീലേഖയ്ക്ക് വക്കീൽ നോട്ടീസ്. പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാറാണ് വക്കീൽ നോട്ടീസ് അയച്ചത്. പരാമർശം പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. രാഹുൽ ഗാന്ധി രാജ്യതലസ്ഥാനത്ത് കാണിക്കുന്നത് താണ്ഡവമല്ലെന്നും മയക്കുമരുന്ന് ഉള്ളിൽ ചെല്ലുമ്പോഴുള്ള വെപ്രാളമാണെന്നുമായിരുന്നു പുനലൂരിൽ നടന്ന ബി.ജെ.പി പ്രതിഷേധ ജനസഭയിൽ ശ്രീലേഖയുടെ വിവാദ പ്രസംഗം.
ശ്രീലേഖയുടെ പരാമർശത്തിനെതിരെ കോൺഗ്രസും യൂത്ത് കോൺഗ്രസും പൊലീസിൽ പരാതി നൽകി. പരാമർശം രാഹുൽ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനൊപ്പം മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും, ദൈവികമായ ശിവതാണ്ഡവത്തെ അപമാനിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി തിരുവനന്തപുരം കോർപ്പറേഷൻ യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് കെ.എസ്. ശബരീനാഥൻ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം ഡി.ജി.പിക്കും പരാതി നൽകിയിട്ടുണ്ട്. ശ്രീലേഖ നിരുപാധികം മാപ്പ് പറയണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അടക്കമുള്ള പ്രമുഖ നേതാക്കൾ ആവശ്യപ്പെട്ടു.
കൗൺസിലർ സ്ഥാനത്ത് നിന്നുള്ള രാജി പ്രഖ്യാപന നാടകത്തിന് ശേഷം പാർട്ടി നേതൃത്വം ഇടപെട്ട് അനുനയിപ്പിച്ച ശ്രീലേഖയുടെ പുതിയ പരാമർശം ബി.ജെ.പിയെയും കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കുറച്ചുകാലമായി പൊതുപരിപാടികളിൽ നിന്ന് വിട്ടുനിന്ന ശേഷം പാർട്ടി വേദികളിൽ വീണ്ടും സജീവമാകുന്നതിനിടെയാണ് പുതിയ വിവാദം. പരാമർശം വലിയ രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിട്ടും വിഷയം ഏറ്റെടുക്കാനോ ശ്രീലേഖയെ പിന്തുണയ്ക്കാനോ ബി.ജെ.പി സംസ്ഥാന നേതൃത്വം തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
Rahul Gandhi Drug Remark: Legal Notice Issued to BJP Councillor Sreelekha Demanding Apology












