
റാഫ : ഭക്ഷണവും മരുന്നും കുടിവെള്ളവുമില്ലാതെ ജനങ്ങൾ നട്ടംതിരിയുന്ന ഗാസയിൽ സഹായത്തിനായി കാത്തുനിന്നവരെയും ആക്രമിച്ച് ഇസ്രയേൽ. ഗാസ സിറ്റിയിലെ ട്രാഫിക് ഐലൻഡിന് സമീപം യുഎൻ അഭയാർഥി ഏജൻസി നൽകുന്ന അവശ്യസഹായങ്ങൾക്കായി കൂട്ടമായി കാത്തിരുന്നവർക്കിടയിലേക്കാണ് ഷെല്ലാക്രമണം നടത്തിയത്. വെടിവയ്‌പ്പുമുണ്ടായി. 20 പേർ കൊല്ലപ്പെട്ടു. 150 പേർക്ക് പരിക്കേറ്റു.
അതേസമയം, അഭയാർഥികളെ പാർപ്പിച്ചിരുന്ന യുഎൻ പരിശീലനകേന്ദ്രത്തിലേക്ക് ബുധനാഴ്ചയുണ്ടായ റോക്കറ്റ് ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി. 75 പേർക്ക് പരിക്കേറ്റു. ആക്രമണത്തെ അമേരിക്ക അപലപിച്ചു. ബഫർ സോൺ നിർമിക്കാനെന്ന പേരിൽ ഇസ്രയേൽ–-ഗാസ അതിർത്തിയിലെ നൂറുകണക്കിന് കെട്ടിടങ്ങൾ ഇസ്രയേൽ സൈന്യം തകർത്തതായും റിപ്പോർട്ട്.
ഇസ്രയേലിന്റെ തുടരാക്രമണങ്ങളില്‍ ദുരിത ജീവിതം നയിക്കുന്ന ഗാസന്‍ ജനതയ്ക്ക് വെല്ലുവിളിയായി പ്രതികൂല കാലാവസ്ഥയും. കനത്ത മഴയും തണുപ്പും നിറഞ്ഞ ഇപ്പോഴത്തെ കാലാവസ്ഥ ഗാസയെ വാസയോഗ്യമല്ലാതാക്കുകയാണെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കി.
ഇതിനോടകം ഭൂരിഭാഗം പലസ്തീനികളും ഇസ്രയേല്‍ ആക്രമണം മൂലം കുടിയിറക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവിടെയുള്ള മറ്റു മനുഷ്യര്‍ ഇടുങ്ങിയ ഷെല്‍ട്ടറുകളിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്. മോശം കാലാവസ്ഥ, രോഗങ്ങള്‍, ഭക്ഷണം, വെള്ളം, മരുന്ന് എന്നിവയുടെ കുറവ് തുടങ്ങിയ പ്രതികൂല സാഹചര്യങ്ങള്‍ അഭയകേന്ദ്രങ്ങളിലെ ജീവിതവും ദുഷ്‌കരമാക്കിയിരിക്കുകയാണ്.
അതേസമയം, ഖാന്‍ യൂനുസില്‍ നിന്നും വിട്ട് പോകാന്‍ പല്‌സ്തീനികളോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഇസ്രയേല്‍ സൈന്യം. നിലവില്‍ ഇസ്രയേല്‍ ആക്രമണത്തിലെ പലസ്തീനികളുടെ മരണസംഖ്യ 26,000 പിന്നിട്ടിരിക്കുകയാണ്. ആകെ 26,083 പേര്‍ കൊല്ലപ്പെടുകയും 64,487 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 183 പേര്‍ കൊല്ലപ്പെടുകയും 377 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
israel Attack continues death toll crosses 26083 in Gaza















