ഹോർമുസിലെ 20% ടോൾ പ്രഖ്യാപനത്തിൽ മലക്കംമറിഞ്ഞ് ട്രംപ്; ‘ഗൾഫ് രാജ്യങ്ങളുമായി വ്യാപാര-നിക്ഷേപ കരാറുകൾ ആയാലും മതി’

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം ടോൾ ഏർപ്പെടുത്താനുള്ള നീക്കത്തിൽനിന്ന് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പിന്മാറി. ഗൾഫ് രാജ്യങ്ങളിലെ നേതാക്കളുമായി നടത്തിയ നിർണായക ചർച്ചകളെ തുടർന്നാണ് ഈ തീരുമാനം. ടോളിന് പകരം ഗൾഫ് രാജ്യങ്ങളും അമേരിക്കയും തമ്മിൽ കൂറ്റൻ വ്യാപാര-നിക്ഷേപ കരാറുകളിൽ ഏർപ്പെടാൻ ധാരണയായതായി ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു.

മധ്യപൂർവേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ അമേരിക്ക ഏറ്റെടുക്കുമെന്നും, പകരമായി ചരക്കുകപ്പലുകളിൽനിന്ന് റീഇംബേഴ്സ്മെന്റ് ഫീസായി 20 ശതമാനം ടോൾ ഈടാക്കുമെന്നുമായിരുന്നു ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പുതിയ ധാരണ പ്രകാരം ഗൾഫ് രാജ്യങ്ങൾ അമേരിക്കയിൽ നടത്തുന്ന ഭീമമായ നിക്ഷേപങ്ങൾ ഇരുവിഭാഗത്തിനും ഒരുപോലെ ഗുണകരമാകുമെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്കയിലേക്ക് വൻതോതിൽ ഫാക്ടറികളും പ്ലാന്റുകളും ഒഴുകിയെത്തുമെന്നും ഇത് ലക്ഷക്കണക്കിന് ഉയർന്ന ശമ്പളമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഇറാൻ ഒഴികെയുള്ള മറ്റെല്ലാ രാജ്യങ്ങളുടെയും കപ്പൽ ഗതാഗതത്തിനായി ഹോർമുസ് കടലിടുക്ക് ഇപ്പോൾ തുറന്നുകൊടുത്തിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. രാജ്യത്തെ നാശത്തിലേക്ക് നയിക്കുന്ന ഇറാന്റെ അക്രമാസക്തവും വിദ്വേഷം നിറഞ്ഞതുമായ ഭരണനേതൃത്വത്തോടുള്ള എതിർപ്പാണ് ഇതിന് കാരണം. ഇറാനിയൻ തുറമുഖങ്ങളുമായി ബന്ധപ്പെട്ടതോ ഇറാനിയൻ ചരക്കുകളുമായി എത്തുന്നതോ ആയ കപ്പലുകൾക്ക് പൂർണ ഉപരോധം ഏർപ്പെടുത്തുമെന്നും യു.എസ് പ്രസിഡന്റ് വ്യക്തമാക്കി.

ലക്ഷക്കണക്കിന് ആളുകളെ ഇറാൻ കൊന്നൊടുക്കുന്ന കാലഘട്ടം അവസാനിച്ചിരിക്കുകയാണെന്നും ഇറാന് ഒരു കാരണവശാലും ആണവായുധം നിർമ്മിക്കാൻ സാധിക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ചരിത്രത്തിൽ മറ്റേതൊരു രാജ്യത്തെക്കാളും വലിയ ഡോളർ നിക്ഷേപമാണ് നിലവിൽ അമേരിക്കയിലുള്ളതെന്നും പുതിയ വിദേശ നിക്ഷേപങ്ങൾ എത്തുന്നതോടെ അത് വീണ്ടും വർധിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

Trump Drops Hormuz Toll Plan, Reaches Trade and Investment Deals with Gulf Nations

More Stories from this section

family-dental
witywide