
ടെഹ്റാൻ: ഇറാന്റെ ഔദ്യോഗിക സൈനിക വിഭാഗമായ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനെ (ഐ.ആർ.ജി.സി) ദേശീയ സുരക്ഷാ ഭീഷണിയായി പ്രഖ്യാപിക്കുകയും, സംഘടനയ്ക്ക് യുകെയിൽ പിന്തുണ നൽകുന്നത് ക്രിമിനൽ കുറ്റമാക്കുകയും ചെയ്ത ബ്രിട്ടീഷ് സർക്കാരിന്റെ നടപടിയെ ശക്തമായി അപലപിച്ച് ഇറാന്റെ വിദേശകാര്യ മന്ത്രാലയം. ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ ഔദ്യോഗിക സായുധ സേനയുടെ അവിഭാജ്യ ഘടകമാണ് ഐ.ആർ.ജി.സി എന്നും, ഇറാൻ സൈന്യത്തോടൊപ്പം രാജ്യത്തിന്റെ പ്രാദേശിക അഖണ്ഡതയും ദേശീയ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ ഈ വിഭാഗത്തിന് ഉത്തരവാദിത്തമുണ്ടെന്നും മന്ത്രാലയം തങ്ങളുടെ ടെലഗ്രാം ചാനലിലൂടെ വ്യക്തമാക്കി.
ബ്രിട്ടന്റെ ഈ തീരുമാനം അന്താരാഷ്ട്ര നിയമങ്ങളെ ലംഘിക്കുന്നതും പ്രകോപനപരവുമായ ഒന്നാണെന്ന് ഇറാന്റെ ഔദ്യോഗിക വക്താവ് കുറ്റപ്പെടുത്തി. ബ്രിട്ടീഷ് പാർലമെന്റിന്റെ അന്തിമ അംഗീകാരത്തിന് വിധേയമായി പുറപ്പെടുവിച്ച ഈ പുതിയ ഉത്തരവ് പ്രകാരം, യുകെയിൽ ഇരുന്ന് ഈ സംഘടനയെ പിന്തുണയ്ക്കുകയോ സഹായിക്കുകയോ ചെയ്യുന്നവർക്ക് 14 വർഷം വരെ തടവുശിക്ഷ ലഭിക്കാം. കൂടാതെ, ഈ സംഘടനയ്ക്ക് വേണ്ടി ചാരവൃത്തി, അട്ടിമറി പ്രവർത്തനങ്ങൾ, അല്ലെങ്കിൽ തീവെപ്പ് എന്നിവ നടത്തുന്നവർക്ക് ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കുമെന്നും ബ്രിട്ടീഷ് സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
യുകെയിൽ പ്രവർത്തിക്കുന്ന ഇറാന്റെയും റഷ്യയുടെയും രഹസ്യ ശൃംഖലകളുമായി ബന്ധമുള്ളവർക്കെതിരെ അധികൃതർ ഇതിനകം തന്നെ ശക്തമായ നടപടികൾ സ്വീകരിച്ചു തുടങ്ങിയതായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ വ്യക്തമാക്കി. ഇറാൻ ഭരണകൂടത്തിനും അവരുമായി ബന്ധമുള്ളവർക്കും, ഒപ്പം തങ്ങളുടെ രാജ്യത്തെ ലക്ഷ്യമിടുന്ന റഷ്യൻ ഏജന്റുമാർക്കും നെറ്റ്‌വർക്കുകൾക്കുമെതിരെ ശക്തമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും, ഈ പുതിയ നിയമപരമായ അധികാരം ബ്രിട്ടന്റെ മണ്ണിൽ ഇരുന്ന് ശത്രുരാജ്യങ്ങൾക്ക് വേണ്ടി വിനാശകരമായ പ്രവർത്തനങ്ങൾ നടത്തുന്ന ആരെയും എളുപ്പത്തിൽ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ജയിലിലടയ്ക്കാനും സഹായിക്കുമെന്നും സ്റ്റാർമർ കൂട്ടിച്ചേർത്തു.














