ഹമാസ് താവളമെന്ന് സംശയം: ഗാസയിലെ സ്‌കൂളിന് നേരെ ഇസ്രായേല്‍ വ്യോമാക്രമണം; 32 മരണം

ഗാസ സിറ്റി: ഗാസയിലെ ഒരു സ്‌കൂളിനു നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 32 പേര്‍ മരിച്ചു. സ്‌കൂള്‍ ഹമാസ് തീവ്രവാദികള്‍ താവളമാക്കിയെന്ന സംശയത്തെത്തുടര്‍ന്നായിരുന്നു ഇസ്രായേല്‍ ആക്രമണം. അഭയാര്‍ത്ഥികളായ നിരവധി പേര്‍ അഭയംതേടിയ സെന്‍ട്രല്‍ ഗാസയിലെ നുസെറാത്തിലെ യുഎന്‍ സ്‌കൂളിലായിരുന്നു ആക്രമണം നടന്നത്.

അതേസമയം, ഹമാസിനെയാണ് ലക്ഷ്യമിട്ടതെന്നും ആക്രമണത്തിനു മുമ്പ് സാധാരണക്കാരുടെ മരണനിരക്ക് കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നതായും ഇസ്രായേല്‍ സൈന്യം പറഞ്ഞു. എന്നാല്‍ ഹമാസിന്റെ കീഴിലുള്ള സര്‍ക്കാര്‍ മീഡിയ ഓഫീസിന്റെ ഡയറക്ടര്‍ ഇസ്മായില്‍ അല്‍ തവാബ്ത ഇസ്രായേല്‍ അവകാശവാദം തള്ളിയിട്ടുണ്ട്. യുദ്ധത്തിന്റെ ഇരകളായ കുടിയിറക്കപ്പെട്ട ആളുകള്‍ക്കെതിരെ നടത്തിയ ക്രൂരമായ കുറ്റകൃത്യത്തെ ന്യായീകരിക്കാന്‍ ഇസ്രയേല്‍ കള്ളം പറയുകയാണെന്നും തവാബ്ത റോയിട്ടേഴ്‌സിനോട് പറഞ്ഞു.

2023 ഒക്ടോബര്‍ 7-ന് ഇസ്രയേലിനെ ആക്രമിച്ച ഹമാസിനെതിരായ ആക്രമണം ഇപ്പോള്‍ എട്ടാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയിലും പോരാട്ടത്തിന് വിരാമമില്ലെന്ന് ഇസ്രായേല്‍ പറഞ്ഞ സാഹചര്യത്തിലാണ് പുതിയ സംഭവവികാസം.

More Stories from this section

family-dental
witywide