
വാഷിംഗ്ടൺ: റഷ്യ-യുക്രൈൻ സംഘർഷം മൂർച്ഛിക്കുന്നതിനിടെ അമേരിക്ക യുക്രൈന് ആയുധ പാക്കേജ് തയ്യാറാക്കുന്നതായി റിപ്പോർട്ട്. 725 മില്യൺ ഡോളറിന്റെ ആയുധ പാക്കേജാണ് ജോ ബൈഡൻ ഭരണകൂടം തയ്യാറാക്കുന്നതെന്ന് രണ്ട് യുഎസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയതായാണ് റിപ്പോർട്ട്. ബൈഡൻ പടിയിറങ്ങും മുമ്പ് ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും.
റഷ്യയുടെ ആക്രമണത്തെ പ്രതിരോധിക്കാനായി അമേരിക്കയുടെ പക്കലുള്ള ആയുധങ്ങൾ യുക്രൈന് നൽകിയേക്കും. ലാൻഡ് മൈനുകൾ, ഡ്രോണുകൾ, സ്റ്റിംഗർ മിസൈലുകൾ, ഹൈ മൊബിലിറ്റി ആർട്ടിലറി റോക്കറ്റ് സിസ്റ്റങ്ങൾക്കുള്ള (ഹിമാർസ്) വെടിമരുന്ന് എന്നിവയുൾപ്പെടെ നൽകാനാണ് പദ്ധതിയിടുന്നത്. അറിയിപ്പ് തിങ്കളാഴ്ച ഉണ്ടാകുമെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
അവശ്യഘട്ടങ്ങളിൽ സഖ്യകക്ഷികളെ സഹായിക്കാൻ ആയുധ ശേഖരത്തിൽ നിന്ന് ആവശ്യമായത് എടുക്കാൻ പ്രസിഡൻഷ്യൽ ഡ്രോഡൗൺ അതോറിറ്റി (പിഡിഎ) പ്രസിഡന്റിനെ അനുവദിക്കുന്നുണ്ട്. പിഡിഎയിൽ 4 ബില്യൺ മുതൽ 5 ബില്യൺ ഡോളർ വരെ ഉപയോഗിക്കാൻ ബൈഡന് കോൺഗ്രസിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. അതിനാൽ നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ജനുവരി 20ന് അധികാരമേൽക്കുന്നതിന് മുമ്പ് തന്നെ ബൈഡൻ ഇത് ഉപയോഗിക്കും.
Joe Biden plans to 725 million dollar arm package for Ukraine















