‘എന്ത് മണ്ടത്തരമാണ് സതീശൻ പറയുന്നത്; 2023ലെ കൂടിക്കാഴ്ചയിലെങ്ങനെ 2024ലെ പൂരം കലക്കാൻ ചർച്ച നടക്കും?’ കെ. സുരേന്ദ്രൻ

പത്തനംതിട്ട: എഡിജിപി എം.ആർ. അജിത് കുമാർ ആർഎസ്എസ് നേതാവിനെ കണ്ടെന്നതിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തിയത് ഉണ്ടയില്ലാ വെടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ‘‘എന്ത് മണ്ടത്തരമാണ് സതീശൻ പറയുന്നത്. സതീശനു തലയ്ക്ക് ഓളമാണ്. സതീശൻ ആളുകളെ വിഢ്ഢികളാക്കുകയാണ്. മുരളീധരൻ മൂന്നാം സ്ഥാനത്ത് ആയിപ്പോയി എന്ന് സതീശൻ ഓർക്കണം. 2023 മേയ് മാസമാണ് എഡിജിപിയും ആർഎസ്എസ് നേതാവും കൂടിക്കാഴ്ച നടത്തിയത്. 2024ലെ പൂരവുമായി കൂടിക്കാഴ്ചയ്ക്ക് ബന്ധമില്ല,’’ സുരേന്ദ്രൻ പറഞ്ഞു.

‘‘സിപിഎമ്മിൽ ഒരാൾക്കും അന്തസോടെ പ്രവർത്തിക്കാൻ കഴിയില്ല. ഇ.പി.ജയരാജനെ ഒഴിവാക്കേണ്ടത് വേറെ ആവശ്യമായിരുന്നു. കോൺഗ്രസിനെ ജയിപ്പിക്കാൻ അല്ല ഞങ്ങൾ ഇവിടെ ഇരിക്കുന്നത്. മെംബർഷിപ്പ് ഡ്രൈവ് നടന്നുകൊണ്ടിരിക്കുകയാണ്. സിപിഎമ്മിൽ നിന്ന് കൂടുതൽ ആളുകൾ ബിജെപിയിലേക്ക് വരും. ബിജെപി പ്രവർത്തിക്കുന്നത് പിണറായി വിജയനെ തോൽപ്പിച്ച് അധികാരം പിടിച്ചെടുക്കാനാണ്. സിപിഎമ്മിനെ പരാജയപ്പെടുത്തി കേരളം പിടിച്ചെടുക്കുക എന്നതാണ് ലക്ഷ്യം,’’ സുരേന്ദ്രൻ പറഞ്ഞു.

സിപിഐ വെറും കടലാസ് പുലിയാണ്. സിപിഐ നട്ടെല്ല് ഇല്ലാത്ത പാർട്ടിയാണ്. അവർ ഓരോ വട്ട് പറഞ്ഞു നടക്കും. സിപിഐ പറഞ്ഞ ഏതെങ്കിലും കാര്യം പിണറായി അംഗീകരിച്ചിട്ടുണ്ടോ ? വി.ഡി. സതീശൻ പറഞ്ഞത് തൊണ്ട തൊടാതെ വിഴുങ്ങേണ്ട ആവശ്യമില്ല. 2023 ലാണ് ആർഎസ്എസ് നേതാവ് തൃശൂരിൽ എത്തിയത്. ആർഎസ്എസ് പ്രതിനിധി ഒരു ഹോട്ടലിലും താമസിക്കില്ല. എ‍ഡിജിപി ആർഎസ്എസ് നേതാവിനെ കണ്ടത് അത്ര ആനക്കാര്യമല്ല. എന്തിനു കണ്ടു എന്നതിൽ മറുപടി പറയേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരുമാണ്. 2023ൽ നടന്ന കൂടിക്കാഴ്ചയിൽ എങ്ങനെ 2024ലെ പൂരം കലക്കാനുള്ള ചർച്ച നടക്കും. എഡിജിപി ആർഎസ്എസ് നേതാവിനെ കണ്ടതിൽ തെറ്റില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

സിപിഎമ്മിന്റെ കൊട്ടാര വിപ്ലവത്തിൽ ഇപ്പോൾ അരങ്ങേറുന്നത് കള്ളക്കടത്തുകാരുടെ കൊള്ളമുതൽ പങ്കുവയ്ക്കുന്നതിനുള്ള തർക്കമാണ്. ക്വട്ടേഷൻ സംഘങ്ങൾ തട്ടിച്ചെടുക്കുന്ന കൊള്ളമുതൽ പങ്കുവയ്ക്കുന്നതിനുള്ള തർക്കമാണ് പരസ്യമായ വിഴുപ്പലക്കലിലൂടെ പുറത്തുവന്നത്. ക്വട്ടേഷൻ സംഘങ്ങളും സ്വർണ കള്ളക്കടത്തുകാരും തൊണ്ടിമുതലും അതിലെ പൊലീസിന്റെ കമ്മിഷനുമാണ് പുറത്തുവന്നിരിക്കുന്നത്. കണ്ണൂർ ജില്ലയിലും ഇത് കണ്ടതാണ്. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസ് വരെയുള്ള ബന്ധം സ്ഥിരീകരിച്ചു കഴിഞ്ഞുവെന്നും സുരേന്ദ്രൻ പറഞ്ഞു.

More Stories from this section

family-dental
witywide