കൽപ്പറ്റ: സർക്കാർ മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കായി നിർമ്മിച്ചു നൽകുന്ന ടൗൺഷിപ്പിലെ ഒരു വീട്ടിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് റവന്യൂ മന്ത്രി കെ. രാജൻ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രി നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തിയത്. വിള്ളൽ രേഖപ്പെടുത്തിയ ഭാഗങ്ങളിൽ മന്ത്രി തന്നെ നേരിട്ട് ഉരച്ചുനോക്കി പരിശോധന നടത്തി.
വീട് കൈമാറിയതിന് ശേഷമാണ് പ്രശ്നം വന്നിരുന്നതെങ്കിൽ അത് ഗൗരവമാകുമായിരുന്നുവെന്നും വീട് കൈമാറിയതിന് ശേഷവും വിള്ളലിൽ കൂടി വെള്ളം ഇറങ്ങുന്ന സ്ഥിതിയുണ്ടായാൽ ഊരാളുങ്കൽ നടപടിയെടുക്കണമെന്നും അല്ലെങ്കിൽ കരാർ പ്രകാരമുള്ള പണം സർക്കാർ നൽകില്ലെന്നും കെ. രാജൻ പറഞ്ഞു. ഇത് വിള്ളലല്ലെന്നും പെൻസിൽ കൊണ്ട് വരച്ചതാണെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിതന്നെ നേരിട്ടെത്തി ഉരച്ചുനോക്കി സ്ഥിരീകരിച്ചത്.
അതേസമയം, ഇതിലൂടെ വെള്ളം കിനിഞ്ഞിറങ്ങിവന്നത് മറയ്ക്കാൻ ശ്രമിച്ചത് മന്ത്രിക്ക് ബോധ്യമായി. പക്ഷെ, ഉണ്ടായത് വലിയ വിള്ളലല്ലെന്നും വീട് ഇതുവരെ കൈമാറിയിട്ടില്ലെന്നും അന്ന് ചടങ്ങിൽവെച്ച് കൈമാറിയത് പട്ടയം മാത്രമാണെന്നും മന്ത്രി വിശദീകരിച്ചു. നിലവിൽ രണ്ടിടങ്ങളിലാണ് വിള്ളൽ കണ്ടെത്തിയത്. അടുത്ത മാസത്തോടെ 178 വീടുകൾ താമസയോഗ്യമാക്കി കൈമാറുമെന്നും ഒക്ടോബറിന് മുമ്പ് മുഴുവൻ വീടുകളും തീർത്ത് നൽകണമെന്ന കരാർ പാലിച്ചില്ലെങ്കിൽ ഊരാളുങ്കലിനെതിരെ നടപടിയെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർന്നു.
അതേസമയം, വിള്ളലുണ്ടായ സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഊരാളുങ്കൽ സിഇഒ അരുൺ ബാബു അറിയിച്ചു. കെട്ടിടത്തിൻ്റെ ഘടനയിൽ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് കണ്ടെത്താൻ ശാസ്ത്രീയമായ പരിശോധന നടത്തുമെന്നും ഗൃഹനാഥനെ സാക്ഷിയാക്കിയായിരിക്കും തുടർന്നുള്ള പരിശോധനകൾ നടത്തുക. ടെറസ് മുഴുവൻ വാട്ടർ പ്രൂഫിങ് നടത്തുമെന്നും കൂടുതൽ ബലത്തിനായി ഫൈബർ കൂടി ചേർത്ത് റീ-കോൺക്രീറ്റിങ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ദുരന്തബാധിതരുടെ എല്ലാ ആശങ്കകളും പരിഹരിക്കുമെന്നും വീടിന്റെ പരിശോധനയ്ക്ക് ശേഷം ബാക്കി തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും ഊരാളുങ്കൽ അധികൃതർ വ്യക്തമാക്കി.
Minister Rajan inspected the cracks in the house in Mundakai-Churalmala Township














