തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും മുമ്പേ കോൺഗ്രസിൽ മുഖ്യമന്ത്രി ആരാണെന്ന ചർച്ചകളിൽ അസ്വസ്ഥത പടരുന്നു. കെ സി വേണുഗോപാലിനെയും വി ഡി സതീശനെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് അനുകൂലിക്കുന്നവർ സൈബറിടത്തിൽ ഏറ്റുമുട്ടുകയാണ്. കെ.സി.വേണുഗോപാലിനെപ്രശംസിച്ച് പോസ്റ്റിട്ട കെ.സുധാകരനെതിരെ കെപിസിസി അധ്യക്ഷൻ സണ്ണിജോസഫ് രംഗത്തെത്തി. കോൺഗ്രസിലെ പരസ്യ ചർച്ചകളിൽ മുസ്ലിം ലീഗിനും അതൃപ്തിയുണ്ട്.കോൺഗ്രസിൽ വോട്ടെടുപ്പ് കഴിഞ്ഞതിൻ്റെ തൊട്ടടുത്ത ദിവസം മുതൽ മുഖ്യമന്ത്രിയാരാകണമെന്ന ചർച്ചകൾ സജീവമായിരുന്നു.
ഏറണാകുളം ഡി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻെറ വിശ്വസ്തനുമായ മുഹമ്മദ് ഷിയാസിൻെറ പ്രതികരണമാണ് മുഖ്യമന്ത്രി ചർച്ചകൾക്ക് തുടക്കമിട്ടത്. എറണാകുളത്ത് നിന്ന് മുഖ്യമന്ത്രി വേണമെന്ന ഷിയാസിൻെറ പരാമർശം എതിർ വിഭാഗങ്ങളിൽ സംശയം ജനിപ്പിച്ചു. ഇതിന് പിന്നാലെ ഒരു വാർത്താ ചാനലിൽ കെ.സി.വേണു ഗോപാലിന് എതിരായ പരാമർശം കൂടി വന്നതോടെ കൃത്യമായ ആസൂത്രണം സംശയിച്ച സതീശൻ വിരുദ്ധവിഭാഗം പ്രത്യാക്രമണം തുടങ്ങി. അതേസമയം, ഇന്നലെ കെസി വേണുഗോപാലിനെ പിന്തുണച്ച് കെ.സുധാകരൻ പോസ്റ്റിട്ടതോടെ അത് കൂടുതൽ പ്രകടമായി.
സതീശൻ അനുകൂലികളും സുധാകരൻ അനുകൂലികളും പോസ്റ്റിന് താഴെ ഏറ്റുമുട്ടിയതോടെ ചർച്ച പരിധിവിട്ടു. ഇതോടെ ഇടപെടാൻ നേതൃത്വം നിർബന്ധിതമായി. എന്നാൽ, മുഖ്യമന്ത്രി സ്ഥാനത്തേച്ചൊല്ലി നടക്കുന്ന ചർച്ചകളിൽ പാർട്ടിക്കൊരുനേതൃത്വം ഉണ്ടെന്നും അവർ തീരുമാനം എടുക്കുമെന്നും കെ.സി വേണുഗോപാൽ പ്രതികരിച്ചു. ഒടുവിൽ കേരളത്തിൻ്റെ ചുമതലയുളള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി തന്നെ വിഷയത്തിൽ രംഗത്തെത്തി. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച ചർച്ചകൾ അവസാനിപ്പിക്കണമെന്ന് അവർ നേതാക്കൾക്ക് നിർദേശം നൽകി.
Unrest spreads in Congress over CM debate before election results are announced













