കേന്ദ്രത്തിന് ഇത് ‘കറുത്ത ദിനം’; വനിതാ സംവരണ ബില്ലിൻ്റെ പരാജയം പ്രതിപക്ഷ ഐക്യത്തിൻ്റെ കരുത്തെന്ന് പ്രിയങ്ക

ന്യൂഡൽഹി: വനിതാ സംവരണ ബിൽ ലോക്സഭയിൽ പരാജയപ്പെട്ടത് ജനാധിപത്യത്തിൻ്റെ വലിയ വിജയമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറിയും വയനാട് എംപിയുമായി പ്രിയങ്ക ഗാന്ധി. പ്രതിപക്ഷ ഐക്യത്തിൻ്റെ കരുത്താണ് ഇതിലൂടെ വെളിവായതെന്നും ഭരണപക്ഷത്തിൻ്റെ അധികാരമോഹത്തിനേറ്റ കനത്ത തിരിച്ചടിയാണിതെന്നും അവർ പറഞ്ഞു. ന്യൂഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.

എങ്ങനെയെങ്കിലും അധികാരത്തിൽ തുടരാൻ കേന്ദ്ര സർക്കാർ നടത്തിയ ഗൂഢാലോചനയാണ് തകർന്നതെന്ന് ആരോപിച്ച പ്രിയങ്ക ബിൽ പാസായാലും ഇല്ലെങ്കിലും അതിൻ്റെ രാഷ്ട്രീയ ലാഭം കൊയ്യാമെന്നായിരുന്നു ഭരണപക്ഷത്തിൻ്റെ കണക്കുകൂട്ടലെന്നും കുറ്റപ്പെടുത്തി. എന്നാൽ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചുനിന്നതോടെ സർക്കാരിന് ആദ്യമായി അർഹിച്ച ആഘാതം ലഭിച്ചുവെന്നും കേന്ദ്രത്തിന് ഇത് ‘കറുത്ത ദിനമാണെന്നും’ പ്രിയങ്ക വിശേഷിപ്പിച്ചു.

വനിതാ സംവരണത്തെ മണ്ഡല പുനർനിർണ്ണയവുമായി ബന്ധിപ്പിച്ചതിനെ അവർ രൂക്ഷമായി വിമർശിച്ചു. ഭരണഘടനാ സ്ഥാപനങ്ങളെ ബഹുമാനിക്കാത്ത ഒരു സർക്കാരിനെ, സംവരണത്തിൻ്റെ പേരിൽ ലോക്സഭാ സീറ്റുകളുടെ എണ്ണത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ അനുവദിക്കില്ലെന്ന് അവർ വ്യക്തമാക്കി. ഈ നീക്കം രാജ്യത്തിൻ്റെ ഫെഡറൽ ഘടനയെ തകർക്കാനാണെന്നും അവർ ആരോപിച്ചു.

”മണ്ഡല പുനർനിർണയം കൊണ്ടുവരാനാണ് സർക്കാർ ഈ ബിൽ അവതരിപ്പിച്ചത്. ഇതിലൂടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും ദുർബലപ്പെടുത്താനാണ് നീക്കമെന്ന് പ്രതിപക്ഷം നേരത്തേ ആരോപിച്ചിരുന്നു. എന്നാൽ ലോക്സഭയിൽ ബിൽ പരാജയപ്പെട്ടത് ജനാധിപത്യത്തിന്റെ വിജയമാണ്. പ്രതിപക്ഷത്തിന്റെ ഐക്യമാണ് ഇത് കാണിക്കുന്നത്. ഇന്നലെ സംഭവിച്ചത് ജനാധിപത്യത്തിന്റെ സുപ്രധാന വിജയമാണെന്ന് ഞാൻ ആദ്യമേ പറയാൻ ആഗ്രഹിക്കുന്നു. ഫെഡറൽ സംവിധാനത്തിൽ മാറ്റം വരുത്താനും ജനാധിപത്യത്തെ തകർക്കാനുമുള്ള സർക്കാരിന്റെ നീക്കം പരാജയപ്പെടുകയും തടയപ്പെടുകയും ചെയ്തു”.- പ്രിയങ്കയുടെ വാക്കുകൾ.

സ്ത്രീകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നു എന്ന സർക്കാരിൻ്റെ അവകാശവാദം വെറും പൊള്ളയാണെന്നും പ്രിയങ്ക പരിഹസിച്ചു. ഉന്നാവോ, ഹാഥ്റസ് സംഭവങ്ങളിലും മണിപ്പൂരിലെ കലാപകാലത്തും സ്ത്രീകൾക്ക് നേരെ നടന്ന അതിക്രമങ്ങളിൽ സർക്കാർ പുലർത്തിയ മൗനം ഇതിന് തെളിവാണ്. രാജ്യത്തെ സ്ത്രീകളെ ഇത്തരം നാടകങ്ങളിലൂടെ പറ്റിക്കാൻ കഴിയില്ലെന്ന് പ്രിയങ്ക ഓർമ്മിപ്പിച്ചു.

അതേസമയം, വനിതാ സംവരണത്തോട് പ്രതിപക്ഷത്തിന് എതിർപ്പില്ലെന്നും പ്രിയങ്ക വ്യക്തമാക്കി. സർക്കാർ 2023-ലെ പഴയ ബിൽ തിരികെ കൊണ്ടുവരികയാണെങ്കിൽ കോൺഗ്രസ് അതിനെ പൂർണ്ണമായി പിന്തുണയ്ക്കും. നിലവിലുള്ള സീറ്റുകളിൽ തന്നെ ഉടൻ സംവരണം നടപ്പിലാക്കുകയാണ് വേണ്ടതെന്നും അതിനാണ് പ്രതിപക്ഷം തയ്യാറെടുക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

This is a ‘black day’ for the Centre; Priyanka says defeat of Women’s Reservation Bill is strength of opposition unity

More Stories from this section

family-dental
witywide