
കൊല്ലം: അമേരിക്കയിലെ കാലിഫോർണിയ സാൻമാറ്റെയോയിൽ മലയാളി കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ഫാത്തിമ മാതാ കോളജ് മുൻ പ്രിൻസിപ്പൽ, പട്ടത്താനം, വികാസ് നഗർ ഡോ. ജി. ഹെൻട്രിയുടെ മകൻ ആനന്ദ് സുജിത് ഹെൻറി (42), ഭാര്യ ആലീസ് പ്രിയങ്ക (40), ഇരട്ടക്കുട്ടികളായ നോഹ, നെയ്തൻ (4) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മുറിയിൽ ഉപയോഗിച്ച ഹീറ്ററിൽ നിന്നുയർന്ന വിഷ വാതകം ശ്വസിച്ചതാകാം മരണകാരണമെന്നാണ് ബന്ധുക്കളുടെ നിഗമനം. പൊലീസ് അന്വേഷണം തുടരുകയാണ്. ഒരു വിവരവും പൊലീസ് പുറത്തു വിട്ടിട്ടില്ല
ഗൂഗിളിൽ ജോലി ചെയ്തിരുന്ന സുജിത് കുറച്ചുനാളുകൾക്ക് മുമ്പാണ് രാജി വച്ച് പുതിയ സ്റ്റാർട്അപ് തുടങ്ങിയത്. ആലീസ് പ്രിയങ്ക അനലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. ഇവർ ഏതാണ്ട് 7 വർഷമായി അമേരിക്കയിൽ ജീവിതം തുടങ്ങിയിട്ട്.
അമേരിക്കയിലെ 12 ാം തീയതി രാവിലെ ഒൻപതു മണിയോടെയാണ് ഇവരെ മരിച്ച നിലയിൽ പൊലീസ് കണ്ടെത്തിയത്. പ്രിയങ്കയുടെ അമ്മ ജൂലിയറ്റ് ഇവർക്കൊപ്പം അമേരിക്കയിലുണ്ടായിരുന്നു. 11ാം തീയതിയാണ് അവർ അമേരിക്കയിൽ നിന്ന് നാട്ടിലേക്ക് തിരിച്ചത്. അവർ 12 ന് പുലർച്ചെ തിരുവനന്തപുരം എയർപോർട്ടിൽ ഇറങ്ങി മകളുമായി സംസാരിച്ചിരുന്നു. വീട്ടിലെത്തിയ ശേഷം വാട്സാപ്പ് മെസേജ് അയച്ചെങ്കിലും സ്വീകരിച്ചതായി കണ്ടില്ല. തുടർന്ന് അമേരിക്കയിലുള്ള ബന്ധുവിനെ വിവരം അറിയിക്കുകയും അയാളുടെ സ്നേഹിതൻ ഉടൻ സംഭവം നടന്ന വീട്ടിൽ എത്തുകയുമായിരുന്നു. സംശയം തോന്നിയ അയാൾ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് വീട്ടിലെത്തിയപ്പോൾ നാലു പേരേയും മരിച്ചനിലയിലാണ് കണ്ടെത്തിയത് എന്ന് പറയപ്പെടുന്നു. കൊല്ലം കിളിയല്ലൂർ വെളിയിൽ വീട്ടിൽ പരേതനായ ബെൻസിഗറിന്റേയും ജൂലിയറ്റിൻ്റേയും ഏക മകളാണ് ആലീസ് പ്രിയങ്ക
മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നും പോസ്റ്റ് മോർട്ടത്തിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തത കൈവരു എന്നുമാണ് പൊലീസ് പറയുന്നത്.
Kerala family dies in US after heater gas poisoning













