
കോഴിക്കോട്: കോഴിക്കോട് പെരുവയലിൽ ഹോം വോട്ടിംഗിനിടെ ആളുമാറി വോട്ട് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് നാല് പേർക്കെതിരെ കേസെടുത്തു. മാവൂർ പൊലീസാണ് ആളുമാറിയുള്ള വോട്ടിൽ കേസെടുത്തത്. സ്പെഷ്യൽ പോളിംഗ് ഓഫീസർ, പോളിംഗ് ഓഫീസർ, മൈക്രോ ഒബ്സർവർ, ബി എൽ ഒ (ബൂത്ത് ലെവല്‍ ഓഫീസര്‍) എന്നിവർക്കെതിരെയാണ് മാവൂർ പൊലീസ് കേസെടുത്തിരിക്കുന്നത്.
ഇവരെ സ്ഥാനത്ത് നിന്ന് വരണാധികാരിയായ ജില്ലാ കളക്ടർ സസ്പെൻഡ് ചെയ്തിരുന്നു. ജനപ്രാതിനിധ്യ നിയമം (ആര്‍പി ആക്ട്) 134 വകുപ്പ് പ്രകാരമാണ് കളക്ടർ ഇവർക്കെതിരെ സസ്പെൻഷൻ നടപടി സ്വീകരിച്ചത്. ഇതിന് പിന്നാലെ ജില്ലാ പൊലീസ് മേധാവിക്ക് കളക്ടർ നൽകിയ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ കേസെടുത്തത്. പെരുവയലിലെ എണ്‍പത്തി നാലാം ബൂത്തിലെ വോട്ടറായ 91 കാരി ജാനകിയമ്മ പായുംപുറത്തിന്റെ വോട്ട് മറ്റൊരു വോട്ടറായ 80 കാരി ജാനകിയമ്മ കൊടശ്ശേരി ചെയ്യാനിടയായ സംഭവത്തിലാണ് നടപടിയുണ്ടായിരിക്കുന്നത്.
kozhikode Police rejisterd case against four officials incident of impersonation voting issue















