
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി മാര്‍ തോമസ് തറയില്‍ അഭിഷിക്തനായി. അതിരൂപതയുടെ ഒമ്പതാമത് ബിഷപ്പും അഞ്ചാമത് ആര്‍ച്ച് ബിഷപ്പുമാണ് മാര്‍ തോമസ് തറയില്‍.
ചങ്ങനാശ്ശേരി മെത്രോപോലീത്തന്‍ പള്ളിയിലാണ് സ്ഥാനാരോഹണ ശുശ്രൂഷകള്‍ നടന്നത്. ശുശ്രൂഷകള്‍ക്ക് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ സഹകാര്‍മികരായിരുന്നു.
രാവിലെ 8.45ന് വിവിധ രൂപതാധ്യക്ഷന്മാരും വിശിഷ്ടാതിഥികളും സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളി പാരിഷ് ഹാളില്‍ എത്തുകയും അവിടെനിന്നു ബിഷപ്പുമാര്‍ തിരുവസ്ത്രങ്ങളണിഞ്ഞ് പ്രദക്ഷിണമായി പ്രത്യേകം തയാറാക്കിയിരിക്കുന്ന പന്തലിലെ മദ്ബഹയിലെത്തുകയും ചെയ്തു.
തിരുക്കര്‍മങ്ങള്‍ക്കു മുന്നോടിയായി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം സ്വാഗതമാശംസിക്കുകയും ചാന്‍സലര്‍ റവ. ഡോ. ഐസക് ആലഞ്ചേരി, മാര്‍ തോമസ് തറയിലിന്റെ നിയമനപത്രം വായിക്കുകയും ചെയ്തു. തുടര്‍ന്ന് സ്ഥാനചിഹ്നങ്ങള്‍ അണിഞ്ഞ് മാര്‍ തോമസ് തറയിലിനെ മദ്ബഹയില്‍ ഉപവിഷ്ടനാക്കി. ആദര സൂചകമായി ദേവാലയമണികള്‍ മുഴക്കി. ആചാരവെടികളും ഉയര്‍ന്നു.













