പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എസ് ബി രാജു രാജിവെച്ചു; വി പൊന്നുക്കുട്ടൻ പുതിയ പ്രസിഡന്റാകും; സ്വാഭാവിക തീരുമാനമെന്ന് സിപിഎം

പാലക്കാട്: സിപിഎം നിർദ്ദേശത്തെ തുടർന്ന് പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എസ്.ബി. രാജു രാജിവെച്ചു. പകരം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി. പൊന്നുക്കുട്ടൻ പുതിയ പ്രസിഡന്റാകും. പ്രസിഡന്റ് പദവിയിൽ നിന്ന് മാത്രമാണ് പടിയിറങ്ങുന്നതെന്നും, ജനങ്ങൾക്കിടയിലും പൊതുപ്രവർത്തനത്തിന്റെ വഴിയിലും തുടർന്നും ഉണ്ടാകുമെന്നും എസ്.ബി. രാജു ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. പുതിയ ഉത്തരവാദിത്വത്തിലേക്ക് വരുന്ന സഖാവിന് എല്ലാവിധ പിന്തുണയും നൽകി ഒപ്പമുണ്ടാകുമെന്നും അദ്ദേഹം കുറിച്ചു. മുൻ പ്രസിഡന്റ് ടി.എം. ശശി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാജിവെച്ചപ്പോൾ തന്നെ വി. പൊന്നുക്കുട്ടനെ പല്ലശ്ശന വാർഡിൽ മത്സരിപ്പിച്ച് ജയിപ്പിച്ച് പ്രസിഡന്റാക്കാൻ പാർട്ടിയിൽ ധാരണയായിരുന്നുവെന്ന് സിപിഎം വ്യക്തമാക്കി. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം എത്രയും വേഗം പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടി വന്നതിനാലാണ് മുതിർന്ന അംഗമായ എസ്.ബി. രാജുവിന് താൽക്കാലികമായി ചുമതല നൽകിയത്. ഈ താൽക്കാലിക ചുമതല ഒഴിയുക മാത്രമാണ് ഇപ്പോൾ ചെയ്തതെന്നും ഇത് പാർട്ടിയുടെ സ്വാഭാവിക തീരുമാനമാണെന്നും സിപിഎം നേതൃത്വം വിശദീകരിച്ചു.

എസ്.ബി രാജുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന ഉത്തരവാദിത്വത്തിൽനിന്ന് ഇന്ന് ഒഴിവാകുകയാണ്. അതിനാൽ പ്രസിഡന്റ് എന്ന ചുമതലയിൽ ഏറ്റിരുന്ന എല്ലാ പരിപാടികളും ഒഴിവാക്കിയതായി അറിയിക്കുന്നു.അധികാരവും പദവിയും ജനസേവനത്തിനുള്ള ഉത്തരവാദിത്വമാണെന്ന വിശ്വാസത്തോടെയാണ് ഈ കാലയളവിൽ പ്രവർത്തിക്കാൻ ശ്രമിച്ചത്.
കാലയളവ് ചെറുതായിരുന്നെങ്കിലും സാധാരണ മനുഷ്യരുടെ ജീവിതത്തെ സ്പർശിക്കുന്ന ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി,ദുർബല ജനവിഭാഗങ്ങൾ തുടങ്ങിയ മേഖലകളിലെ പ്രശ്‌നങ്ങളിൽ ഇടപെടാനും ജനങ്ങളുടെ ആവശ്യങ്ങൾക്കൊപ്പം നിൽക്കാനും പരമാവധി ശ്രമിച്ചിട്ടുണ്ട്.
ഈ പ്രവർത്തനങ്ങൾക്ക് പിന്തുണയും സഹകരണവും നൽകിയ എന്റെ പാർട്ടിക്കും മുന്നണിക്കും ജില്ലാ പഞ്ചായത്ത് അംഗങ്ങൾക്കും ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ-സാമൂഹിക- മാധ്യമ രംഗത്തെ സുഹൃത്തുക്കൾക്കും നാട്ടുകാർക്കും ഹൃദയം നിറഞ്ഞ നന്ദി.
ഈ സ്ഥാനത്തിരിക്കുമ്പോൾ ലഭിച്ച അനുഭവങ്ങളും അംഗീകാരവും ജനങ്ങൾ നൽകിയ സ്‌നേഹവും വിശ്വാസവും അമൂല്യമായി കരുതുന്നു. പദവികൾക്ക് കാലാവധിയുണ്ട്. ജനങ്ങളോടുള്ള ഉത്തരവാദിത്വത്തിന് കാലാവധിയില്ല.
പ്രസിഡന്റ് പദവിയിൽനിന്ന് മാത്രമാണ് പടിയിറങ്ങുന്നത്. ജനങ്ങൾക്കിടയിലും അവരുടെ പ്രശ്‌നങ്ങൾക്കൊപ്പവും പൊതുപ്രവർത്തനത്തിന്റെ വഴിയിലും തുടർന്നും ഉണ്ടാകും.
പുതിയ ഉത്തരവാദിത്വത്തിലേക്ക് വരുന്ന സഖാവിന് എല്ലാ സഹായവും നൽകി ഒപ്പം ഉണ്ടാകും.

S.B. Raju Resigns as Palakkad District Panchayat President; V. Ponnukuttan to Take Over, CPM Calls It a Routine Decision

Also Read

More Stories from this section

family-dental
witywide