പാലക്കാട്‌ കനത്ത മഴയില്‍ വീട് ഇടിഞ്ഞു വീണ് അപകടം, ഉറങ്ങിക്കിടന്ന അമ്മയ്ക്കും മകനും ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് അപകടം വിതച്ച് കനത്ത മഴ. ഇന്നലെ രാത്രി പെയ്ത അതിശക്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് ഉറങ്ങിക്കിടന്ന അമ്മയും മകനും മരിച്ചു. പാലക്കാട്‌ കോട്ടേക്കാടാണ് ദുരന്തം സംഭവിച്ചത്. കോട്ടേക്കാട് കോടക്കുന്ന് വീട്ടിൽ പരേതനായ ശിവന്റെ ഭാര്യ സുലോചന, മകൻ രഞ്ജിത് എന്നിവരാണ് മരിച്ചത്. ഫയർഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം ആലത്തൂർ ആശുപത്രിയിലേക്ക് മാറ്റി.

ഒറ്റമുറി വീട്ടിലായിരുന്നു കിടപ്പുരോഗിയായ സുലോചനയും മകൻ രഞ്ജിത്തും കഴിഞ്ഞിരുന്നത്. ഇന്നലെ രാവിലെ മുതല്‍ പ്രദേശത്ത് ശക്തമായ കാറ്റും മഴയുമായിരുന്നു. രാത്രിയില്‍ വീടിന്‍റെ പിന്‍ഭാഗത്തെ ചുവര്‍ ഇടിഞ്ഞുവീഴുകയായിരുന്നു. ഇവര്‍ കിടക്കുന്ന സ്ഥലത്തേക്കാണ് ചുവര്‍ ഇടിഞ്ഞുവീണത്. രാത്രി അപകടം സംഭവിച്ചത് ആരും അറിഞ്ഞിരുന്നില്ല. രാവിലെയാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്. തുടര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീട്ടില്‍ നിന്നും മാറി താമസിക്കാൻ ഇവര്‍ തീരുമാനിച്ചിരുന്നുവെന്നും അതിനിടയിലാണ് അപകടമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. സ്വകാര്യ ബസ് കണ്ടക്ടറായിരുന്നു രഞ്ജിത്ത്.