ന്യൂജഴ്‌സി: ഫിഫ ലോകകപ്പ് 2026 കിരീടം നേടിയ സ്‌പെയിൻ ടീം വ്യക്തിഗത പുരസ്കാരങ്ങളിലും ആധിപത്യം പുലർത്തി. മധ്യനിര താരം റോഡ്രി, ഗോൾകീപ്പർ ഉനായ് സിമോൻ, യുവ പ്രതിരോധ താരം പൗ കുബാർസി എന്നിവർ പ്രധാന പുരസ്കാരങ്ങൾ സ്വന്തമാക്കിയപ്പോൾ ഫ്രാൻസ് നായകൻ കിലിയൻ എംബാപ്പെ ഗോൾഡൻ ബൂട്ട് നേടി. മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ അർജന്റീനയെ അധികസമയത്ത് 1-0ന് തോൽപ്പിച്ച് സ്‌പെയിൻ കിരീടം നേടിയതിന് പിന്നാലെയാണ് ഫിഫ ടൂർണമെന്റിലെ മികച്ച താരങ്ങൾക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
ടൂർണമെന്റിലുടനീളം മധ്യനിരയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് സ്‌പെയിനിന്റെ കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ച റോഡ്രയാണ് മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരം നേടിയത്. ഓരോ മത്സരത്തിലും കളിയുടെ നിയന്ത്രണം ഏറ്റെടുത്ത മാഞ്ചസ്റ്റർ സിറ്റി താരം, സ്‌പെയിന്റെ രണ്ടാം ലോകകപ്പ് കിരീടത്തിലേക്കുള്ള യാത്രയിൽ നിർണായക സാന്നിധ്യമായി. മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗവ് പുരസ്കാരം സ്‌പെയിന്റെ ഉനായ് സിമോൻ സ്വന്തമാക്കി.
എട്ട് മത്സരങ്ങളിൽ ഏഴിലും ക്ലീൻ ഷീറ്റ് നേടിയ സിമോൻ, ടൂർണമെന്റിലുടനീളം ഒരു ഗോൾ മാത്രം വഴങ്ങിയ സ്‌പെയിന്റെ പ്രതിരോധത്തിന്റെ കരുത്തായി മാറി. തുടർച്ചയായി 650 മിനിറ്റ് ഗോൾ വഴങ്ങാതിരുന്ന് ലോകകപ്പ് റെക്കോർഡും അദ്ദേഹം സ്വന്തമാക്കി. മികച്ച യുവതാരത്തിനുള്ള ഫിഫ യങ് പ്ലെയർ അവാർഡ് 19-കാരനായ സ്പാനിഷ് പ്രതിരോധ താരം പൗ കുബാർസക്ക് ലഭിച്ചു. ടൂർണമെന്റിലെ ഏറ്റവും ശ്രദ്ധേയരായ യുവതാരങ്ങളിൽ ഒരാളായി മാറിയ കുബാർസി, സ്‌പെയിന്റെ ചരിത്രനേട്ടത്തിന് നിർണായക സംഭാവന നൽകി.
അതേസമയം, എട്ട് മത്സരങ്ങളിൽ 10 ഗോൾ നേടിയ ഫ്രാൻസ് നായകൻ കിലിയൻ എംബാപ്പെ ടൂർണമെന്റിലെ ടോപ് സ്കോററായി ഗോൾഡൻ ബൂട്ട് സ്വന്തമാക്കി. തുടർച്ചയായ രണ്ട് ലോകകപ്പുകളിൽ ഗോൾഡൻ ബൂട്ട് നേടുന്ന ആദ്യ താരമെന്ന നേട്ടവും എംബാപ്പെ സ്വന്തമാക്കി. ഇതോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ പുരുഷതാരമെന്ന റെക്കോർഡും അദ്ദേഹം 22 ഗോളുകളുമായി കൂടുതൽ മെച്ചപ്പെടുത്തി. മികച്ച അച്ചടക്കവും കായികമര്യാദയും പുലർത്തിയ ടീമിനുള്ള ഫിഫ ഫെയർ പ്ലേ ട്രോഫി നെതർലൻഡ്സ് സ്വന്തമാക്കി.
ഫിഫ ലോകകപ്പ് 2026 പുരസ്കാര ജേതാക്കൾ
ഗോൾഡൻ ബോൾ: റോഡ്രി (സ്‌പെയിൻ)
സിൽവർ ബോൾ: ലയണൽ മെസ്സി (അർജന്റീന)
ബ്രോൺസ് ബോൾ: കിലിയൻ എംബാപ്പെ (ഫ്രാൻസ്)
ഗോൾഡൻ ബൂട്ട്: കിലിയൻ എംബാപ്പെ (ഫ്രാൻസ്)
സിൽവർ ബൂട്ട്: ലയണൽ മെസ്സി (അർജന്റീന)
ബ്രോൺസ് ബൂട്ട്: ജൂഡ് ബെല്ലിങ്ഹാം (ഇംഗ്ലണ്ട്)
ഗോൾഡൻ ഗ്ലൗവ്: ഉനായ് സിമോൻ (സ്‌പെയിൻ)
മികച്ച യുവതാരം: പൗ കുബാർസി (സ്‌പെയിൻ)
ഫിഫ ഫെയർ പ്ലേ ട്രോഫി: നെതർലൻഡ്
അതേസമയം, അധികസമയത്തിന്റെ 106-ാം മിനിറ്റിൽ നേടിയ ഗോളിലാണ് സ്‌പെയിൻ നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയെ വീഴ്ത്തിയത്. എട്ട് മത്സരങ്ങളിൽ ഒരു ഗോൾ മാത്രം വഴങ്ങി ലോകകപ്പ് കിരീടം നേടിയ സ്‌പെയിൻ, ടീം പ്രകടനത്തിലും വ്യക്തിഗത പുരസ്കാരങ്ങളിലും സമ്പൂർണ ആധിപത്യം സ്ഥാപിച്ചാണ് ടൂർണമെന്റിന് സമാപനം കുറിച്ചത്.
FIFA World Cup 2026 awards: Full winners list as Rodri, Mbappe claim top honours











