
ന്യൂയോർക്ക്: മുംബൈ ക്രിക്കറ്റ് അസോസിയേഷൻ (എംസിഎ) പ്രസിഡൻ്റ് അമോൽ കാലെ അമേരിക്കയിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഞായറാഴ്ച രാത്രി ന്യൂയോർക്ക് സ്റ്റേഡിയത്തിലെ നാസൗ കൗണ്ടി ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നിന്ന് എംസിഎ ഭാരവാഹികൾക്കൊപ്പം ഇന്ത്യ-പാകിസ്ഥാൻ മത്സരം തത്സമയം കാണാനെത്തിയതായിരുന്നു അമോൽ. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിൻ്റെ അടുത്ത അനുയായിയാണ് അമോൽ കാലെ. എംസിഎ സെക്രട്ടറി അജിങ്ക്യ നായിക്, അപെക്‌സ് കൗൺസിൽ അംഗം സൂരജ് സമത്ത് എന്നിവർക്കൊപ്പമാണ് കാലെ ന്യൂയോർക്കിലെത്തിയത്.
2022 ഒക്ടോബറിൽ നടന്ന തിരഞ്ഞെടുപ്പിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമായ സന്ദീപ് പാട്ടീലിനെ പരാജയപ്പെടുത്തിയാണ് 47 കാരനായ കാലെ എംസിഎ പ്രസിഡൻ്റായത്.
എംസിഎ പ്രസിഡൻ്റായി രണ്ട് വർഷം പൂർത്തിയാക്കിയിട്ടില്ലെങ്കിലും, ബിസിസിഐ വാഗ്ദാനം ചെയ്യുന്ന അതേ തുക മുംബൈ ക്രിക്കറ്റ് താരങ്ങൾക്ക് നൽകാനുള്ള എംസിഎയുടെ തീരുമാനത്തിന്റെ പേരിൽ കാലെയെ എല്ലാവരും പ്രശംസിച്ചു. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ, ഇന്ത്യ-ന്യൂസിലാൻഡ് ടെസ്റ്റ്, 2023 ലോകകപ്പ് മത്സരങ്ങൾ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര മത്സരങ്ങൾ വാങ്കഡെ സ്റ്റേഡിയത്തിൽ എംസിഎ സംഘടിപ്പിച്ചിട്ടുണ്ട്.












