ലഡാക്കിലെ നൻ കുൻ മലനിരകളിൽ 18,600 അടി ഉയരത്തിൽ അതിസാഹസിക രക്ഷാപ്രവർത്തനം നടത്തി ഇന്ത്യൻ സൈന്യം. കൂറ്റൻ ചെരിവിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പർവതാരോഹകനെയാണ് ഇന്ത്യൻ ആർമി ഏവിയേഷൻ പൈലറ്റുമാർ ശക്തമായ കാറ്റിനിടയിൽ രക്ഷപ്പെടുത്തിയത്. ഹെലിക്കോപ്റ്ററിന് ലാൻഡ് ചെയ്യാൻ സാഹചര്യമില്ലാത്ത പ്രദേശത്ത്, കൂറ്റൻ ചരിവിനോട് ചേർന്ന് ഹെലിക്കോപ്റ്ററിന്റെ ഒരു സ്‌കിഡ് മാത്രം തട്ടിച്ചുകൊണ്ടായിരുന്നു ഈ ദൗത്യം.
അടിയന്തര രക്ഷാപ്രവർത്തനം ആവശ്യമായി വന്ന ഘട്ടത്തിൽ, ഉയർന്ന പ്രദേശത്തെ കുറഞ്ഞ വായുസമ്മർദ്ദവും എഞ്ചിന്റെ ലിഫ്റ്റിങ് കപ്പാസിറ്റിയെ ബാധിക്കാനുള്ള സാധ്യതയും മുൻകൂട്ടി കണ്ടാണ് സൈന്യം നീങ്ങിയത്. ഹെലിക്കോപ്റ്ററിന്റെ ലിഫ്റ്റിങ് കപ്പാസിറ്റിയെ ബാധിക്കാതിരിക്കാൻ ഇന്ധനത്തിന്റെ അളവ് കുറയ്ക്കുകയും അത്യാവശ്യമില്ലാത്ത സാധനങ്ങൾ ഒഴിവാക്കുകയും ചെയ്തു. തുടർന്ന് കുത്തനെയുള്ള ചെരിവിൽ ഹെലിക്കോപ്റ്ററിനെ ഫയർ ആൻഡ് ഫ്യൂരി കോർപ്പ്‌സ് നിലയുറപ്പിക്കുകയായിരുന്നു.
രോഗിയെ സുരക്ഷിതമായി എയർലിഫ്റ്റ് ചെയ്ത് ആശുപത്രിയിൽ എത്തിച്ചു. ഗ്രൗണ്ട് ടീമും പൈലറ്റുമാരും സമയോചിതമായി പ്രവർത്തിച്ചതുകൊണ്ടാണ് രക്ഷാപ്രവർത്തനം വിജയകരമായത്. നേർത്ത വായു, ശക്തമായ കാറ്റ്, കൂറ്റൻ ചെരിവുകൾ എന്നിവ കാരണം കടുത്ത വെല്ലുവിളി നിറഞ്ഞ പ്രദേശത്താണ് സൈന്യം ഈ ദൗത്യം പൂർത്തിയാക്കിയത്. രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സൈന്യം എക്‌സിലൂടെ പുറത്തുവിട്ടിട്ടുണ്ട്.













