ഉരുള്‍പൊട്ടൽ തനിച്ചാക്കിയ ശ്രുതിയുടെ ജീവിതത്തിൽ വീണ്ടും ദുരന്തം; വാഹനാപകടത്തില്‍ പരിക്കേറ്റ് ശ്രുതിയും പ്രതിശ്രുത വരനും അത്യാസന്നനിലയില്‍

കല്‍പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ കേരളത്തിന്റെ വലിയ നോവുകളിൽ ഒന്നായിരുന്നു ശ്രുതിയുടെ അവസ്ഥ. ദുരന്തം മാതാപിതാക്കളുടെയും സഹോദരിയുടെയും ജീവനെടുത്തതോടെ ഒറ്റക്കായ ശ്രുതിയുടെ ജീവിതത്തിൽ വാഹനാപകടത്തിന്റെ രൂപത്തിൽ വീണ്ടും ദുരന്തം. ശ്രുതിയും പ്രതിശ്രുത വരന്‍ അമ്പലവയല്‍ സ്വദേശി ജെന്‍സനും വാഹനാപകടത്തില്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ് ഇപ്പോൾ. ഇന്നലെ വൈകിട്ട് കോഴിക്കോട് കൊല്ലഗല്‍ ദേശീയപാതയില്‍ വെള്ളാരംകുന്നിനു സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചാണു വാനില്‍ സഞ്ചരിച്ചിരുന്ന ശ്രുതിയും ജെന്‍സനുമുള്‍പെടെ ഒമ്പത് പേര്‍ക്കു പരിക്കേറ്റത്.

വയനാട് ഉരുള്‍പ്പൊട്ടലില്‍ അച്ഛന്‍ ശിവണ്ണന്‍, അമ്മ സബിത, സഹോദരി ശ്രേയ എന്നിവരെ കൂടാതെ ശ്രുതിയുടെ കുടുംബത്തിലെ ഒമ്പത് പേര്‍ മരിച്ചിരുന്നു. കോഴിക്കോട് ജോലിസ്ഥലത്തായതിനാല്‍ ശ്രുതി അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടു.

കല്‍പറ്റയിലെ വാടക വീട്ടില്‍ ബന്ധുവിനൊപ്പം കഴിയുന്ന ശ്രുതിക്ക് ഇപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ ജെന്‍സന്റെ പിന്തുണയാണുള്ളത്. ദുരന്തത്തിന് ഒരു മാസം മുന്‍പ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. അന്നുതന്നെയായിരുന്നു ശ്രുതിയുടെ പുതിയ വീടിന്റെ പാലു കാച്ചലും. ശ്രുതിയുടെ വിവാഹത്തിനായി അച്ഛന്‍ സ്വരുക്കൂട്ടി വച്ചിരുന്ന നാലര ലക്ഷം രൂപയും 15 പവനും ഉരുള്‍പൊട്ടലില്‍ നഷ്ടമായി എന്ന വാർത്ത കേരളത്തെ നൊമ്പരപ്പെടുത്തിയിരുന്നു. ഈ മാസം അവസാനം വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കെയാണ് ഇപ്പോൾ വാഹനാപകടമുണ്ടായിരിക്കുന്നത്. ഗുരുതര പരിക്കുകളോടെ ചികിത്സയിൽ കഴിയുന്ന ഇരുവരും എത്രയും വേഗം സുഖപെടട്ടെ എന്ന പ്രാർത്ഥനയാണ് ഏവരും പങ്കുവെക്കുന്നത്.

Also Read

More Stories from this section

family-dental
witywide