കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിലെ സി ബി ഐ അന്വേഷണം അവസാനഘട്ടത്തിലെന്ന് സൂചന. അറസ്റ്റിലായ പ്രതിക്ക് മാത്രമേ സംഭവത്തില്‍ പങ്കുള്ളൂവെന്ന നിഗമനത്തിലാണ് സി ബി ഐയും എത്തിച്ചേര്‍ന്നിരിക്കുന്നതെന്നാണ് വിവരം. ഡിഎന്‍എ പരിശോധന ഫലം കൂടി കിട്ടിയ ശേഷം അന്തിമ റിപ്പോര്‍ട്ട് അടുത്തയാഴ്ച സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാനാണ് തീരുമാനം. വനിതാ ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തിയ പൊലീസ് വോളണ്ടിയര്‍ സഞ്ജയ് റോയിയില്‍ സി ബി ഐ അന്വേഷണവും അവസാനിക്കുകയാണെന്ന് സാരം.
ആശുപത്രിയിലെ സി സി ടി വി ദൃശ്യങ്ങള്‍, മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍, മൊബൈല്‍ ഫോണിലെ മറ്റ് വിവരങ്ങള്‍ എന്നിവ പരിശോധിച്ചതിലൂടെ സഞ്ജയ് റോയിക്ക് മാത്രമേ കൃത്യത്തില്‍ പങ്കുള്ളൂവെന്നാണ് സി ബി ഐയുടെയും നിഗമനം. നൂറിലേറെ പേരുടെ മൊഴിയെടുത്തിട്ടുണ്ട് സി ബി ഐ. പത്ത് പേരെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയരാക്കിയെന്നും സി ബി ഐ വ്യക്തമാക്കി. കേസിന്‍റെ ദിശ മാറ്റുന്ന ഒരു തുമ്പും കിട്ടാതായതോടെയാണ് സി ബി ഐ അന്വേഷണവും അവസാനഘട്ടത്തിലേക്ക് നീങ്ങുന്നതെന്നാണ് സൂചന.
കേസന്വേഷണം ഏറ്റെടുത്തതിന് ശേഷം സുപ്രീംകോടതിയിലും വിചാരണ കോടതിയിലും നല്‍കിയ തല്‍സ്ഥിതി റിപ്പോര്‍ട്ടുകളിലും മറ്റാരെയും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്ന് സി ബി ഐ വ്യക്തമാക്കിയിരുന്നു. കൊല്ലപ്പെട്ട ഡോക്ടറുടെ ശരീരത്തില്‍ നിന്ന് ശേഖരിച്ച സാംപിളുകള്‍ ഡി എന്‍ എ പരിശോധനക്ക് ദില്ലി എയിംസിലേക്ക് അയച്ചിരിക്കുകയാണ്. ആ ഫലം കൂടി കിട്ടിയ ശേഷം സുപ്രീംകോടതി കേസ് പരിഗണിക്കുന്ന അടുത്തയാഴ്ച റിപ്പോര്‍ട്ട് നല്‍കുമെന്നാണ് സി ബി ഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. പൊലീസ് അന്വേഷണത്തില്‍ നിര്‍ണ്ണായക തെളിവുകള്‍ നഷ്ടപ്പെട്ടെന്നും സി ബി ഐ ആരോപിക്കുന്നുണ്ട്.