പുരുഷന്മാരുടെ മൃതദേഹങ്ങളെ അധിക്ഷേപിച്ച വനിതാ ഡോക്ടർക്കെതിരെ അച്ചടക്ക നടപടിയുമായി ആശുപത്രി അധികൃതർ

മുംബൈ: പുരുഷന്മാരുടെ മൃതദേഹങ്ങളെ സ്റ്റാൻഡ് അപ്പ് കോമഡി ഷോയ്ക്കിടെ അധിക്ഷേപിച്ച് സംസാരിച്ച വനിതാ ഡോക്ടർക്കെതിരെ അച്ചടക്ക നടപടിയുമായി ആശുപത്രി അധികൃതർ. എംബിബിഎസ് വിദ്യാർഥിനിയായ സെജൽ പവാറിനെ മുംബൈയിലെ കെഇഎം ഹോസ്‌പിറ്റലും മെഡിക്കൽ കോളേജ് അധികൃതരും 15 ദിവസത്തെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കുകയും കാമ്പസ്, ഹോസ്റ്റൽ പരിസരങ്ങളിൽ പ്രവേശിക്കുന്നതിൽനിന്ന് വിലക്കുകയും ചെയ്തു.

സോഷ്യൽ മീഡിയയിൽ, സ്റ്റാൻഡ് അപ്പ് കോമഡി ഷോയ്ക്കിടെ പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ അടങ്ങിയ വീഡിയോ വൈറലായതോടെയാണ് നടപടി. പ്രണീത് മോറെയുടെ ഷോയിൽ പുരുഷ മൃതദേഹങ്ങളുടെ ലൈംഗികാവയവങ്ങളുടെ വലിപ്പം താരതമ്യം ചെയ്യാറുണ്ടെന്നാണ് സെജൽ പവാർ പറഞ്ഞത്. പ്രാഥമിക അന്വേഷണത്തിൽ വീഡിയോയിലുള്ളത് സെജൽ പവാർ തന്നെയാണെന്ന് കോളേജ് അധികൃതർ സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുന്നതിനായി അഞ്ചംഗ സമിതിയെ നിയോഗിച്ചതായും വിദ്യാർഥിനിയുടെ പരാമർശങ്ങൾ തികച്ചും അനുചിതവും അംഗീകരിക്കാൻ കഴിയാത്തതുമാണെന്നും കോളേജ് അധികൃതർ വ്യക്തമാക്കി. സമിതി ഏഴ് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും.

അതേസമയം, അന്വേഷണവേളയിൽ സെജൽ വികാരാധീനയാവുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. പരാമർശത്തിൽ മാപ്പ് ചോദിക്കുന്നതായും ഇനി ആവർത്തിക്കില്ലെന്നും പറയുന്ന വീഡിയോ സെജൽ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. വിവാദത്തെത്തുടർന്ന് വിദ്യാർഥിനിക്കുണ്ടായ മാനസിക സമ്മർദം പരിഗണിച്ച് കൗൺസിലിങ്ങിന് വിധേയയാകാൻ അധികൃതർ നിർദേശിച്ചു. നിലവിൽ വിദ്യാർഥിനിയെ മാതാപിതാക്കൾക്കൊപ്പം വിട്ടിരിക്കുകയാണ്.

Hospital authorities take disciplinary action against female doctor who abused men’s corpses

More Stories from this section

family-dental
witywide