അന്തരിച്ച പ്രമുഖ വ്യവസായി രത്തൻ ടാറ്റയുടെ പിൻഗാമിയായി ടാറ്റ ട്രസ്റ്റുകളുടെ ചെയർമാൻ സ്ഥാനത്തേക്ക് നോയൽ എൻ ടാറ്റ (67) നിയമിതനായി. ഇന്നു മുംബൈയിൽ ചേർന്ന ട്രസ്റ്റ് യോഗത്തിലാണ് തീരുമാനം. രത്തൻ ടാറ്റയുടെ അർധസഹോദരനാണ് നോയൽ.
ഇന്ത്യയിലെ പബ്ലിക് ചാരിറ്റബിൾ ഫൗണ്ടേഷനുകളിൽ ഏറ്റവും വലുതാണ് ടാറ്റ ട്രസ്റ്റ്. സർ ദോറാബ്ജി ടാറ്റ ട്രസ്റ്റും സർ രത്തൻ ടാറ്റ ട്രസ്റ്റുമാണ് ടാറ്റ ട്രസ്റ്റിനുകീഴിലുള്ള രണ്ട് പ്രധാന സ്ഥാപനങ്ങൾ. സര്‍ ദോറാബ്ജി ടാറ്റ ട്രസ്റ്റിന്റെ പതിനൊന്നാമത്തെ ചെയര്‍മാനും സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റിന്റെ ആറാമത്തെ ചെയര്‍മാനുമായാണ് നോയൽ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ടാറ്റ ഗ്രൂപ്പിന്റെ മാതൃ കമ്പനിയായ ടാറ്റ സൺസിന്റെ 52 ശതമാനത്തോളം ഓഹരിയാണ് ഇരു ട്രസ്റ്റുകളും ചേർന്ന് കൈവശം വെച്ചിരിക്കുന്നത്. സർ രത്തൻ ടാറ്റ ട്രസ്റ്റിന്റെയും സർ ദൊറാബ്ജി ട്രസ്റ്റിന്റെയും കീഴിൽ മൂന്ന് ട്രസ്റ്റുകൾ വീതമുണ്ട്.
യുകെയിലെ സസെക്‌സ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദം നേടി നോയല്‍ ടാറ്റ ഐഎന്‍എസ്ഇഎഡിയില്‍നിന്ന് ഇന്റര്‍നാഷണല്‍ എക്‌സിക്യൂട്ടീവ് പ്രോഗ്രാമും പൂര്‍ത്തിയാക്കി. നവല്‍ എച്ച് ടാറ്റയും സിമോണ്‍ എന്‍ ടാറ്റയുമാണ് മാതാപിതാക്കൾ. നവല്‍ എച്ച് ടാറ്റയ്ക്ക് രണ്ട് ഭാര്യമാണുണ്ടായിരുന്നത്. ആദ്യ ഭാര്യ സൂനി ടാറ്റയിലുള്ള മക്കളാണ് രത്തന്‍ ടാറ്റയും ജിമ്മി ടാറ്റയും.
ടാറ്റ ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ ചെയര്‍മാനും നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടറുമായ നോയല്‍ ടാറ്റ നാല് പതിറ്റാണ്ടായി ടാറ്റ ഗ്രൂപ്പിന്റെ ഭാഗമാണ്. ട്രെന്റ്, വോള്‍ട്ടാസ് ആന്‍ഡ് ടാറ്റ ഇന്‍വെസ്റ്റ്മെന്റ് കോര്‍പറേഷന്‍ എന്നിവയുടെ ചെയര്‍മാനായും ടാറ്റ സ്റ്റീല്‍ ആന്‍ഡ് ടൈറ്റന്‍ കമ്പനി ലിമിറ്റഡിന്റെ വൈസ് ചെയര്‍മാനായും സേവനമനുഷ്ഠിക്കുന്നത് ഉള്‍പ്പെടെ നിരവധി ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ ബോര്‍ഡുകളില്‍ നോയല്‍ സ്ഥാനങ്ങള്‍ വഹിക്കുന്നു.
ടാറ്റ ഗ്രൂപ്പിന്റെ വ്യാപാര-വിതരണ വിഭാഗമായ ടാറ്റ ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറുമാണ്.
Noel Tata has been appointed as Chairman of Tata Trust