
ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഗോദയിലേക്ക് തിരിച്ചെത്തിയ ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഏഷ്യൻ ഗെയിംസ് യോഗ്യതാ ട്രയൽസിൽ നിരാശ. ഡൽഹി ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന വനിതകളുടെ 53 കിലോഗ്രാം വിഭാഗം സെമിഫൈനലിൽ മീനാക്ഷി ഗോയറ്റിനോട് 6-4 എന്ന സ്‌കോറിനാണ് വിനേഷ് പരാജയപ്പെട്ടത്. ഇതോടെ ഈ വർഷം നടക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാമെന്ന വിനേഷിന്റെ പ്രതീക്ഷകൾക്ക് കടുത്ത തിരിച്ചടിയേറ്റു. പാരിസ് ഒളിമ്പിക്‌സിലെ ഹൃദയഭേദകമായ അനുഭവത്തിന് ശേഷം താരം പങ്കെടുക്കുന്ന ആദ്യ മത്സരമാണിത്.
നിയമപോരാട്ടങ്ങൾക്കൊടുവിൽ സുപ്രീം കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് വിനേഷ് ട്രയൽസിൽ പങ്കെടുത്തത്. ടൂർണമെന്റിലെ റൗണ്ട് ഓഫ് 16 മത്സരത്തിൽ ജ്യോതിയെ 7-1 എന്ന സ്‌കോറിന് തകർത്ത് വിനേഷ് മികച്ച തുടക്കം കുറിച്ചിരുന്നു. തുടർന്ന് നടന്ന ക്വാർട്ടർ ഫൈനൽ മത്സരം കടുത്ത തർക്കങ്ങൾക്കും നാടകീയ രംഗങ്ങൾക്കും സാക്ഷ്യം വഹിച്ചു. നിഷുവിനെതിരായ മത്സരത്തിൽ ഒരു ഘട്ടത്തിൽ 0-5 ന് പിന്നിലായിരുന്ന വിനേഷ്, പിന്നീട് നടത്തിയ ശക്തമായ മുന്നേറ്റത്തിനൊടുവിൽ 7-6 എന്ന സ്‌കോറിനാണ് വിജയം പിടിച്ചെടുത്തത്. പോയിന്റ് നൽകിയതിനെച്ചൊല്ലി വിനേഷിന്റെ ക്യാമ്പും റെസ്ലിംഗ് ഫെഡറേഷൻ ഒഫീഷ്യൽസും തമ്മിൽ മത്സരത്തിനിടെ വലിയ വാഗ്വാദങ്ങൾ നടന്നിരുന്നു.
തുടർന്ന് നടന്ന സെമിഫൈനലിൽ മീനാക്ഷിയോട് ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും നിർണായക നിമിഷങ്ങളിൽ വിനേഷിന് മേധാവിത്വം നിലനിർത്താനായില്ല. കടുത്ത പോരാട്ടത്തിൽ പരാജയപ്പെട്ടെങ്കിലും മത്സരശേഷം ഗോദ വിടുമ്പോൾ മുൻ ലോക ചാമ്പ്യൻ കൂടിയായ വിനേഷ് അവിടെയുണ്ടായിരുന്നവരുടെ കൈയടി നേടി. ‘ഞാൻ വീണ്ടും ശക്തമായി തിരിച്ചുവരും’ എന്ന ശുഭാപ്തിവിശ്വാസം പങ്കുവെച്ചാണ് താരം കളംവിട്ടത്. സെമിയിൽ വിനേഷിനെ അട്ടിമറിച്ച മീനാക്ഷി ഗോയറ്റ് ഫൈനൽ യോഗ്യത ഉറപ്പാക്കി.
Vinesh Phogat’s Asian Games dream ends with semifinal defeat to Meenakshi Goyat in trials













