മുംബൈ: രാജ്യത്ത് കടലാസിനുപകരം പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള കറൻസി നോട്ടുകൾ പുറത്തിറക്കുന്നത് പരിഗണിച്ച് റിസർവ് ബാങ്ക്. പ്രത്യേക പ്ലാസ്റ്റിക് ഉപയോഗിച്ച് 10, 20 രൂപയുടെ പോളിമർ നോട്ടുകൾ പുറത്തിറക്കാനാണ് ആലോചന. ഏതാനും വർഷങ്ങളായി കറൻസി നോട്ടുകളുടെ ആവശ്യം ഉയർന്നു വരുകയാണ്. കഴിഞ്ഞ സാമ്പത്തികവർഷം വിനിമയത്തിലുള്ള കറൻസികളുടെ മൂല്യത്തിൽ 11.5 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. പട്നയിലും മുംബൈയിലും നടന്ന സെൻട്രൽ ബോർഡ് യോഗങ്ങളിൽ കൂടുതൽ ഈടുനിൽക്കുന്ന പോളിമർ കറൻസി അവതരിപ്പിക്കുന്നതിന് ചർച്ചയായതായാണ് റിപ്പോർട്ട്.
പഞ്ഞി അടിസ്ഥാനമാക്കിയുള്ള പ്രത്യേക കടലാസുകളിലാണ് കറൻസി അച്ചടിച്ചു വരുന്നത്. മൂന്നുമുതൽ നാലുവർഷം കഴിയുമ്പോൾ ഇത് മുഷിഞ്ഞു തുടങ്ങും. ഇത് പിൻവലിച്ച് പുതിയ കറൻസി അച്ചടിക്കേണ്ടതായും വരും. കൂടുതലായി ഉപയോഗത്തിൽ വരുന്ന പത്ത്, 20 രൂപയുടെ നോട്ടുകളാണ് എളുപ്പത്തിൽ നശിക്കുന്നത്. പോളിമർ നോട്ടുകൾ പൊടിയും വെള്ളവും പ്രതിരോധിച്ച് കൂടുതൽ ഈടുനിൽക്കും. കൂടാതെ, കറൻസി പുറത്തിറക്കുന്നതിനുള്ള ചെലവിൽ ഗണ്യമായ കുറവുണ്ടാക്കുമെന്നാണ് പ്രതീക്ഷ. പ്ലാസ്റ്റിക് കറൻസികളിൽ കൂടുതൽ സുരക്ഷ ഉൾപ്പെടുത്താനാകും. പ്രത്യേക മഷിയാണ് ഉപയോഗിക്കുക. കള്ള നോട്ടുകൾ ഉണ്ടാക്കാനും പ്രയാസമാകും.
മുൻപും പ്ലാസ്റ്റിക് കറൻസി പുറത്തിറക്കാൻ റിസർവ് ബാങ്ക് പദ്ധതിയിട്ടിരുന്നു. കൊച്ചിയുൾപ്പെടെ അഞ്ചിടത്ത് പരീക്ഷണാടിസ്ഥാനത്തിൽ പോളിമർ കറൻസി കൊണ്ടുവരാൻ 2012-ലാണ് ആലോചന നടന്നത്. 1988-ൽ ആഗോളതലത്തിൽ ഓസ്ട്രേലിയ ആണ് പോളിമർ കറൻസി ആദ്യം ഉപയോഗിച്ചു തുടങ്ങിയത്. നിലവിൽ അറുപതോളം രാജ്യങ്ങൾ പ്ലാസ്റ്റിക് കറൻസി ഉപയോഗിക്കുന്നുണ്ട്. 2025-26 സാമ്പത്തിക വർഷം കറൻസിനോട്ടുകൾ അച്ചടിക്കാൻ 4.875.2 കോടി രൂപയാണ് ചെലവുവന്നത്. തൊട്ടു മുൻവർഷമിത് 6,372 കോടിയായിരുന്നു. 2025-26 സാമ്പത്തികവർഷം 1,702 കോടി മുഷിഞ്ഞ നോട്ടുകൾ പൊതുവിപണിയിൽനിന്ന് പിൻവലിച്ച് ആർ.ബി.ഐ. നശിപ്പിച്ചിരുന്നു.
Reserve Bank considering issuing plastic currency instead of paper















