
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ടില്‍ സംഘടിപ്പിച്ച മെറ്റ് ഗാല ഫാഷന്‍ ഇവന്റ് വേദിക്ക് പുറത്ത് പലസ്തീന്‍ അനുകൂല പ്രക്ഷോഭകര്‍ പ്രതിഷേധം നടത്തുന്നു. മെറ്റ് ഗാല പരിപാടിക്കായി താരങ്ങളും സെലിബ്രിറ്റികളും അടക്കം നിരവധി പ്രമുഖര്‍ എത്തിയപ്പോള്‍ ആയിരക്കണക്കിന് ഫലസ്തീന്‍ അനുകൂല പ്രക്ഷോഭകര്‍ പ്രതിഷേധവുമായെത്തിയത്.
‘ഗാസയില്‍ ബോംബ് വീഴ്ത്തുമ്പോള്‍ മെറ്റ് ഗാല വേണ്ടെന്നും ‘, ‘വിമോചനമില്ലാതെ ആഘോഷമില്ല’ന്നും അടക്കമുള്ള സന്ദേശങ്ങള്‍ അടങ്ങിയ ബോര്‍ഡുകളുമായാണ് അവര്‍ പ്രതിഷേധിക്കുന്നത്. ഫിഫ്ത്ത് അവന്യൂവിനു സമീപം പലസ്തീന്‍ പതാകകള്‍ ഉയര്‍ത്തി, ‘ഗാസ! ഗാസ!’ എന്ന് ഉച്ചത്തില്‍ വിളിച്ചുകൊണ്ടും പ്രതിഷേധക്കാര്‍ അണിനിരന്നു. പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാന്‍ ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ശ്രമങ്ങള്‍ക്കിടയില്‍ നിരവധി പേരെ അറസ്റ്റുചെയ്തിട്ടുണ്ട്.
വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ കൊളംബിയ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നിന്നു തുടങ്ങിയ പ്രതിഷേധമാണ് ഇപ്പോള്‍ മെറ്റ് ഗാല വരെ എത്തി നില്‍ക്കുന്നത്.
വര്‍ഷന്തോറും നടത്തപ്പെടുന്ന ഏറ്റവും വലിയ ഫാഷന്‍ ഇവന്റുകളിലൊന്നാണ് മെറ്റ് ഗാല. സെലിബ്രിറ്റികള്‍, ഫാഷന്‍ ഡിസൈനര്‍മാര്‍, കല- ഫാഷന്‍- വിനോദ മേഖലയില്‍ നിന്നുള്ള മറ്റു ശ്രദ്ധേയരായ വ്യക്തികള്‍ എന്നിവര്‍ എല്ലാവര്‍ഷവും ഈ മേളയില്‍ സാന്നിധ്യമാകാറുണ്ട്. ഓരോ വര്‍ഷവും ഇവന്റിന് വ്യത്യസ്തമായ തീമും ഉണ്ടായിരിക്കും. മെറ്റ് ഗാലയില്‍ പങ്കെടുക്കുന്നവര്‍ തീമിന് അനുസൃതമായി വസ്ത്രം ധരിക്കണമെന്ന് നിബന്ധനയുണ്ട്.











