
യുഎസിൽ ട്രക്ക് അപകടത്തിൽ പരുക്കേറ്റു കിടക്കുന്ന ഹരിയാനയിലെ കർണാലിൽ നിന്നുള്ള അമിത് മാന്നിൻ്റെ കുടുംബത്തെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വെള്ളിയാഴ്ച അപ്രതീക്ഷിതമായി സന്ദർശിച്ചു. തൻ്റെ യുഎസ് സന്ദർശനത്തിനിടെയാണ് രാഹുൽ അമിതിനെ കണ്ടുമുട്ടിയത്. യുഎസിലേക്ക് അനധികൃതമായി കുടിയേറി ജോലിക്കിടെ ട്രക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് യുഎസിൽ തന്നെ ചികിൽസയിൽ കഴിയുകയാണ് അമിത്. അമിതിൻ്റെ കഥ അറിഞ്ഞ രാഹുൽ യുഎസിൽ അവനെ നേരിൽ കണ്ടു. ഹരിയാനയിലെ അവൻ്റെ വീട്ടിൽ പോകാമെന്നും ആവശ്യമായ സഹായം ചെയ്യാമെന്നും അവന് അന്ന് വാക്കു നൽകി. കുടുംബത്തിനുണ്ടായിരുന്ന സ്ഥലം ഉൾപ്പെടെ എല്ലാം വിറ്റിട്ടാണ് അമിത് അമേരിക്കയിലേക്ക് എത്തിയത്.
അമിതിനു നൽകിയ വാക്ക് രാഹുൽ പാലിച്ചു. കർണാൽ ജില്ലയിലെ ഹരിപൂർ ഗ്രാമത്തിലെ സിമൻ്റ്പോലും തേക്കാത്ത ആ കൊച്ചു വീട്ടിൽ അതിരാവിലെ രാഹുൽ എത്തി. പുലർച്ചെ ഡൽഹിയിൽ നിന്ന് റോഡ് മാർഗമാണ് രാഹുൽ ഹരിയാനയിൽ എത്തിയത്. അപ്രതീക്ഷിതമായി പ്രതിപക്ഷ നേതാവിനെ കണ്ടതും ഗ്രാമവാസികൾക്ക് കൌതുകമായി.
വീട്ടിലെത്തിയ ശേഷം അമിതിനെ വിഡിയോ കോൾ ചെയ്ത രാഹുൽ ഏത് ആവശ്യത്തിനും കൂടെയുണ്ടാകുമെന്ന് അറിയിച്ചു. ഹരിയാന തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഹുൽ നടത്തിയ സന്ദർശനം പല രാഷ്ട്രീയ വ്യാഖ്യാനങ്ങൾക്കും വഴി തുറന്നിട്ടുണ്ട്.
Rahul Gandhi Keeps his US Promises visits Amit’s home At Karnal











