കൊച്ചി: നടൻ സൗബിൻ ഷാഹിറിന്റെ കൊച്ചിയിലെ ഓഫീസിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ആദായ നികുതി വകുപ്പ് കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്. പറവ ഫിലിംസ് കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകളിലാണ് റെയ്ഡ് നടക്കുന്നത്. പറവ ഫിലിംസ് കമ്പനിയുടെ ഓഫീസ്, പുല്ലേപ്പടിയിലെ ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫീസ് അടക്കമുള്ള ഇടങ്ങളിലാണ് റെയ്ഡ്.
രണ്ട് സിനിമാ നിർമ്മാണ കമ്പനികളുടെയും സാമ്പത്തിക സ്രോതസുകളെ കുറിച്ചാണ് പ്രധാന പരിശോധനയെന്ന് ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം അറിയിച്ചു. സിനിമാ മേഖലയിൽ കള്ളപ്പണമിടപാട് നടക്കുന്നുവെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നേരത്തേ പരാതി ലഭിച്ചിരുന്നു.
തുടർന്ന് സിനിമാ നിർമാണ കമ്പനികളെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം നടത്തി വരികയായിരുന്നു. ഈ ഘട്ടത്തിലാണ് മഞ്ഞുമ്മൽ ബോയ്‌സ് എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ നിർമാതാക്കളായ സൗബിനെതിരെ ഉൾപ്പെടെ ആലപ്പുഴ അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ പരാതി നൽകുന്നത്. ചിത്രത്തിന്റെ നിർമാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവർ ലാഭവിഹിതമോ മുടക്കുമുതലോ നൽകാതെ ചതിച്ചെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
തുടർന്നുള്ള അന്വേഷണത്തിൽ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പൊലീസ് കണ്ടെത്തിയത്. ഈ റിപ്പോർട്ട് പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചു. പൊലീസ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് ഇഡിയുടെ ഇടപെടൽ.