റാമോജി ഫിലിം സിറ്റി സ്ഥാപകന്‍ റാമോജി റാവു വിടവാങ്ങി

ഹൈദരാബാദ്: റാമോജി ഫിലിം സിറ്റി സ്ഥാപകന്‍ റാമോജി റാവു അന്തരിച്ചു. 87 വയസായിരുന്നു. ഈടിവി, ഈനാട് അടക്കമുള്ള വന്‍കിട മാധ്യമസ്ഥാപനങ്ങളുടെ ഉടമകൂടിയാണ്. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ശ്വാസ തടസവുമുണ്ടായതിനെ തുടര്‍ന്ന് ജൂണ്‍ അഞ്ചുമുതല്‍ ചികിത്സയിലായിരുന്നു.

മാര്‍ഗദര്‍സി ചിറ്റ് ഫണ്ട്, രാമദേവി പബ്ലിക് സ്‌കൂള്‍, പ്രിയ ഫുഡ്‌സ് എന്നിവയുടെയും സ്ഥാപകനാണ് ഇദ്ദേഹം. ആന്ധ്രാപ്രദേശിലെ ഡോള്‍ഫിന്‍ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സിന്റെ ചെയര്‍മാന്‍ കൂടിയാണ്. പത്രപ്രവര്‍ത്തനം, സാഹിത്യം, വിദ്യാഭ്യാസം എന്നിവയില്‍ നല്‍കിയ സംഭാവനകള്‍ക്ക് 2016ല്‍ പത്മവിഭൂഷണ്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 50 ഓളം സിനിമകളും ടെലിഫിലിമുകളും അദ്ദേഹം നിര്‍മ്മിച്ചു.

അദ്ദേഹത്തിന്റെ ഭൗതികശരീരം റാമോജി ഫിലിം സിറ്റിയിലെ വസതിയിലേക്ക് മാറ്റി, അന്തിമോപചാരം അര്‍പ്പിക്കാന്‍ നിരവധി പ്രമുഖ രാഷ്ട്രീയ നേതാക്കളും സിനിമാ പ്രമുഖരും ഇന്ന് എത്തും.

റാമോജി റാവുവിന്റെ നിര്യാണം അങ്ങേയറ്റം ദുഃഖകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ‘റാമോജി റാവു ഗാരു ഇന്ത്യയുടെ വികസനത്തില്‍ അങ്ങേയറ്റം അഭിനിവേശമുള്ളയാളായിരുന്നു. അദ്ദേഹവുമായി ഇടപഴകാനും അദ്ദേഹത്തിന്റെ ജ്ഞാനത്തില്‍ നിന്ന് പ്രചോദനം നേടാനും നിരവധി അവസരങ്ങള്‍ ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്. ഈ ദുഷ്‌കരമായ സമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും എണ്ണമറ്റ ആരാധകരോടും അനുശോചനം അറിയിക്കുന്നു. ഓം ശാന്തി,’ എന്ന് മോദി കുറിച്ചു.

1936-ല്‍ ജനിച്ച രാമോജി റാവു ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര നിര്‍മ്മാണ സ്ഥാപനമായ റാമോജി ഫിലിം സിറ്റിയുടെ ഉടമസ്ഥതയിലുള്ള രാമോജി ഗ്രൂപ്പിന്റെ തലവനായി. 1980-കളില്‍ തെലുങ്കുദേശം പാര്‍ട്ടിയുടെ (ടിഡിപി) ഉയര്‍ച്ചയുമായി ഈനാട് പത്ര ഗ്രൂപ്പിന്റെ പിന്തുണയ്ക്ക് വലിയ ബന്ധമാണുള്ളത്.

മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിമാരായ എന്‍ ടി രാമറാവു, ചന്ദ്രബാബു നായിഡു എന്നിവരുമായും മറ്റ് നിരവധി പ്രശസ്ത രാഷ്ട്രീയ-ചലച്ചിത്ര വ്യക്തികളുമായും അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. ഇടിവി നെറ്റ്വര്‍ക്കിന് പുറമെ ഉഷാകിരണ്‍ മൂവീസ് എന്ന നിര്‍മ്മാണ കമ്പനിയെ നയിച്ചു. ചെറുകുരി രാമോജി റാവു എന്നും അറിയപ്പെടുന്ന അദ്ദേഹം ദേശീയ അവാര്‍ഡും രണ്ട് ഫിലിംഫെയര്‍ അവാര്‍ഡുകളും നേടി.

More Stories from this section

family-dental
witywide