
ജറുസലേം: ഗാസ യുദ്ധത്തിലും ഫലസ്തീന്‍ പ്രദേശത്ത് ഇപ്പോഴും ബന്ദികളാക്കിയ നിരവധി പേരെ മോചിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്താത്തതിലും സര്‍ക്കാരിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ച് ഇസ്രയേല്‍ ജനത. തിങ്കളാഴ്ച്ച പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാരിനെതിരെ ആയിരക്കണക്കിന് ഇസ്രായേലികളാണ് പ്രതിഷേധവുമായി എത്തിയത്.
ഹമാസിനെതിരായ യുദ്ധം നെതന്യാഹു കൈകാര്യം ചെയ്യുന്നതിനെതിരെ പ്രതിഷേധം വര്‍ധിച്ചുവരികയാണ്. എല്ലാ വാരാന്ത്യത്തിലും പതിനായിരങ്ങള്‍ ഇസ്രായേലിലെ ഏറ്റവും വലിയ നഗരമായ ടെല്‍ അവീവിലെ തെരുവുകളില്‍ ഇറങ്ങുന്നുകയും പ്രതിഷേധിക്കുകയും ചെയ്യുന്നത് തുടരുകയാണ്. പ്രതിഷേധക്കാര്‍ തിങ്കളാഴ്ച ഇസ്രായേല്‍ പാര്‍ലമെന്റിനും നെതന്യാഹുവിന്റെ വസതിക്കും പുറത്ത് റാലി നടത്തി.
പുതിയ തിരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്യുന്ന പ്ലക്കാര്‍ഡുകളുമായി പ്രതിഷേധം കടുപ്പിക്കുന്ന ആയിരക്കണക്കിന് ആളുകള്‍ ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കാന്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തു. പ്രതിഷേധത്തില്‍ പങ്കെടുത്ത പലരും ‘യുദ്ധം നിര്‍ത്തുക’, ‘നമ്മളെല്ലാവരും തുല്യരായി സൃഷ്ടിക്കപ്പെട്ടവരാണ്’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ചേര്‍ത്ത ഷര്‍ട്ടുകള്‍ ധരിച്ചാണ് എത്തിയത്.
നെതന്യാഹു ചെയ്യുന്ന ഓരോ പ്രവര്‍ത്തനവും ഇസ്രായേലിന്റെ നാശത്തിന്റെ ദിശയിലാണെന്നും ഒക്ടോബര്‍ 7 ന് സംഭവിച്ചതിന് ഉത്തരവാദി നെതന്യാഹുവാണെന്നും പലരും കുറ്റപ്പെടുത്തുന്നു.
ഒക്ടോബര്‍ 7 ന് ഹമാസ് തീവ്രവാദികള്‍ 251 ബന്ദികളെ ഇസ്രയേലില്‍ നിന്നും പിടികൂടിയതായും അവരില്‍ 116 പേര്‍ ഇപ്പോഴും ഗാസയില്‍ ഉണ്ടെന്നും ഇസ്രായേല്‍ വിശ്വസിക്കുന്നു. അതേസമയം, ഇതില്‍ 41 പേര്‍ മരിച്ചുവെന്ന് സൈന്യം പറയുന്നു. ഇസ്രയേലിന്റെ പ്രതികാര ബോംബാക്രമണങ്ങളിലും ഗാസയിലെ കര ആക്രമണത്തിലും ഇതുവരെ 37,347 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം.