
കോട്ടയം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെ തള്ളി മന്ത്രി വി.എൻ. വാസവൻ. എക്സിറ്റ് പോളുകൾ എപ്പോഴും യാഥാർത്ഥ്യമാകണമെന്നില്ലെന്നും വോട്ടെണ്ണിക്കഴിയുമ്പോഴുള്ള ജനവിധിയാണ് അന്തിമമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ അനുഭവങ്ങൾ ഇതിന് ഉദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വോട്ടെണ്ണുന്നതിന് മുൻപേ യു.ഡി.എഫിൽ മുഖ്യമന്ത്രിയാകാൻ നേതാക്കൾ തമ്മിൽ തല്ല് തുടങ്ങിക്കഴിഞ്ഞുവെന്ന് മന്ത്രി പരിഹസിച്ചു. വോട്ടെണ്ണൽ നടക്കുന്ന നാലാം തീയതി വരെ സ്വപ്നം കാണാൻ എല്ലാവർക്കും അവകാശമുണ്ട്. എക്സിറ്റ് പോളുകൾ പോലും ഒരു പ്രത്യേക തരംഗം ഉണ്ടെന്ന് അവകാശപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ നടത്തിയ പിണറായി സർക്കാരിൽ ജനങ്ങൾക്ക് പൂർണ്ണ വിശ്വാസമുണ്ട്. ഭരണത്തുടർച്ചയുണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ലെന്നും മന്ത്രി വ്യക്തമാക്കി. കേരള കോൺഗ്രസ് (എം) എൽ.ഡി.എഫിൻ്റെ ഭാഗമായതിൻ്റെ ഗുണം മധ്യകേരളത്തിൽ ഇത്തവണയും പ്രതിഫലിക്കും. പാലാ ഉൾപ്പെടെ ജോസ് കെ. മാണി വിഭാഗം മത്സരിച്ച മിക്ക സീറ്റുകളിലും എൽ.ഡി.എഫ് മികച്ച വിജയം നേടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Exit polls are just predictions; The will of the people is in favour of the LDF, says Minister VN Vasavan













