‘ഇതാണ് ഏകാധിപതിയുടെ യഥാർത്ഥ മുഖം’, സൂറത്ത് വിജയത്തിൽ നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് രാഹുൽഗാന്ധി

സൂറത്ത്: തെരഞ്ഞെടുപ്പിന് മുന്നെ ഗുജറാത്തിലെ സൂറത്ത് ലോക്സഭാ മണ്ഡലത്തിൽ ബി ജെ പി സ്ഥാനാർഥി എതിരില്ലാതെ ജയിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്ത്. പത്ത് വർഷം രാജ്യം ഭരിച്ച ഏകാധിപതിയുടെ യഥാർത്ഥ മുഖമാണ് ഇന്ന് സൂറത്തിൽ പുറത്ത് വന്നത് എന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്. രണ്ട് കോൺഗ്രസ് സ്ഥാനാർഥികളുടെ നാമനിർദ്ദേശ പത്രിക തള്ളിയതടക്കം ബി ജെ പിയുടെയും മോദിയുടെയും ഏകാധിപത്യത്തിന് തെളിവെന്നാണ് രാഹുൽ വിമർശിച്ചത്. കോൺഗ്രസ് സ്ഥാനാർഥികളുടെ പത്രിക പിൻവലിച്ചതിന് ശേഷം ഇന്ന് 7 സ്ഥാനാ‍ർഥികൾ പത്രിക സ്വയം പിൻവലിച്ചത് ബി ജെ പിയുടെയും മോദിയുടെയും സമ്മർദ്ദത്തെ തുടർന്നാണെന്നും അദ്ദേഹം പറഞ്ഞു. നാല് സ്വതന്ത്രരും മൂന്ന് ചെറുപാർട്ടികളും ബഹുജൻ സമാജ് പാർട്ടി അംഗവുമാണ് ഇന്ന് നാമനിർദേശ പത്രിക പിൻവലിച്ചത്. ഏകാധിപത്യത്തിന്‍റെ വലിയ തെളിവാണ് ഇതെന്നും രാഹുൽ വിമർശിച്ചു.

ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തിലെ ബി ജെ പി മുകേഷ് ദലാലാണ് വോട്ടെടുപ്പിന് മുന്നേ ഇന്ന് അപ്രതീക്ഷിത വിജയം സ്വന്തമാക്കിയത്. മണ്ഡലത്തിൽ ബി ജെ പി സ്ഥാനാർത്ഥി എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ന് ഏഴ് സ്വതന്ത്ര സ്ഥാനാർത്ഥികൾ മത്സരത്തിൽ നിന്നും പിന്മാറിയതോടെയാണ് ബി ജെ പി സ്ഥാനാർഥി മുകേഷ് ദലാൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുപ്പിന് മുന്നേ തന്നെ സൂറത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആദ്യത്തെ താമര സമ്മാനിച്ചിരിക്കുകയാണെന്നാണ് മുകേഷ് ദലാലും ബി ജെ പി നേതാക്കളും പ്രതികരിച്ചത്.

Also Read

More Stories from this section

family-dental
witywide