
വാഷിംഗ്ടണ്‍: നവംബറില്‍ നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പ്രചരണത്തിന്റെ ഭാഗമായി ക്രിപ്റ്റോകറന്‍സി വഴി സംഭാവനകള്‍ സ്വീകരിക്കാന്‍ ഡൊണാള്‍ഡ് ട്രംപിന്റെ ടീം. തിരഞ്ഞെടുപ്പിനു മുന്നോടിയായി ഒരു ‘ക്രിപ്‌റ്റോ ആര്‍മി’ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമെന്നും റിപ്പോര്‍ട്ടുണ്ട്.
ആഗോള ബാങ്കിംഗ് സംവിധാനത്തെ ആശ്രയിക്കാതെ ഇന്റര്‍നെറ്റ് വഴി വ്യാപാരം ചെയ്യാവുന്ന ഡിജിറ്റല്‍ അസറ്റായ ക്രിപ്റ്റോകറന്‍സി വഴി സംഭാവനകള്‍ സ്വീകരിക്കാന്‍ തുടങ്ങുമെന്ന് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ക്യാംപെയ്ന്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. കോയിന്‍ബേസ് ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ച് പിന്തുണയ്ക്കുന്ന ഏതെങ്കിലും ക്രിപ്റ്റോ അസറ്റ് ഉപയോഗിച്ച് സംഭാവന നല്‍കാന്‍ ഒരു ധനസമാഹരണ പേജ് ട്രംപ് കാമ്പെയ്ന്‍ സംഘം ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്.
നിലവില്‍, ട്രംപിന്റെ പ്രചാരണത്തിനായി ബിറ്റ്കോയിന്‍, ഈതര്‍ യുഎസ് ഡോളര്‍ കോയിന്‍ എന്നിവയുള്‍പ്പെടെ വിവിധ ജനപ്രിയ ക്രിപ്റ്റോകറന്‍സികളും ഷിബ ഇനു കോയിന്‍, ഡോഗ്കോയിന്‍ തുടങ്ങിയ കുറഞ്ഞ മൂല്യമുള്ള കോയിനുകളും സ്വീകരിക്കുന്നു.
ട്രംപ് കാമ്പെയ്ന്‍ ക്രിപ്റ്റോകറന്‍സി നിലനിര്‍ത്തുമോ അതോ ഉടനടി വില്‍ക്കുമോ, ലിക്വിഡേഷന്‍ സമയത്ത് എന്ത് ഫീസുകള്‍ നല്‍കേണ്ടിവരും എന്നതു സംബന്ധിച്ചൊന്നും ഇതുവരെ വ്യക്തത വന്നിട്ടില്ല. യുഎസ് തിരഞ്ഞെടുപ്പ് നിയമങ്ങള്‍ പാലിക്കാനാണ് കാമ്പെയ്ന്‍ ഉദ്ദേശിക്കുന്നതെങ്കിലും, ക്രിപ്റ്റോകറന്‍സികളുടെ അജ്ഞാത സ്വഭാവം ഫണ്ടുകളുടെ ഉറവിടം പരിശോധിക്കുന്നത് സങ്കീര്‍ണ്ണമാക്കുമെന്നും വിലയിരുത്തപ്പെടുന്നു.
ട്രംപ് മാത്രമല്ല, സ്വതന്ത്ര സ്ഥാനാര്‍ത്ഥി റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയറിനായുള്ള പ്രസിഡന്‍ഷ്യല്‍ കാമ്പെയ്നും ബിറ്റ്കോയിന്‍ സംഭാവനകള്‍ സ്വീകരിക്കുന്നുണ്ട്. എന്നാല്‍ ജോ ബൈഡന്റെ പ്രചാരണ സംഘം ക്രിപ്റ്റോകറന്‍സി വഴിയുള്ള സംഭാവനകളെ സ്വാഗതം ചെയ്യുന്നുണ്ടോ എന്നത് വ്യക്തമല്ല.















