
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഡൊണാള്‍ഡ് ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി. പാര്‍ട്ടിയുടെ ദേശീയ കണ്‍വന്‍ഷനിലായിരുന്നു പ്രഖ്യാപനം. റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷനില്‍ വ്യക്തമായ പിന്തുണ ലഭിച്ചതോടെയായിരുന്നു ട്രംപിന്റെ ഔദ്യോഗിക പ്രഖ്യാപനം. പെന്‍സില്‍വാനിയയില്‍ നടന്ന വധശ്രമത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട ട്രംപിന് ഇത് അധിക ഊര്‍ജ്ജമാണ് നല്‍കുന്നത്.
അതേസമയം, ട്രംപ് വെടിയേറ്റ വലതുചെവിയില്‍ ബാന്‍ഡേജ് ധരിച്ചാണ് കണ്‍വെന്‍ഷനില്‍ എത്തിയത്. തന്റെ ആദ്യ ടേമില്‍ ഒന്നിലധികം നിയമ പ്രശ്നങ്ങളും രണ്ട് ഇംപീച്ച്മെന്റുകളും ഉണ്ടായിരുന്നിട്ടും വൈറ്റ് ഹൗസിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്ന ട്രംപ് വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ തന്നെയാണ്.
അതേസമയം, അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ജെ ഡി വാന്‍സിനെ പ്രഖ്യാപിച്ചു. സമഗ്ര കൂടിയാലോചനകള്‍ക്ക് ശേഷമാണ് 39കാരനായ വാന്‍സിനെ തെരഞ്ഞെടുത്തതെന്ന് ഡോണള്‍ഡ് ട്രംപ് സാമൂഹ്യ മാധ്യമങ്ങള്‍ വഴി അറിയിച്ചു.
‘ ജെഡി നമ്മുടെ ഭരണഘടനയ്ക്കായി പോരാടുന്നത് തുടരും, നമ്മുടെ സൈനികര്‍ക്കൊപ്പം നില്‍ക്കും, അമേരിക്കയെ വീണ്ടും മഹത്തരമാക്കാന്‍ എന്നെ സഹായിക്കാന്‍ തന്നാല്‍ കഴിയുന്നതെല്ലാം ചെയ്യും,” ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
ഒരിക്കല്‍ മുന്‍ പ്രസിഡന്റിന്റെ വിമര്‍ശകനായിരുന്ന വാന്‍സ് പിന്നീട് അദ്ദേഹത്തിന്റെ ഏറ്റവും ശക്തനായ പ്രതിരോധക്കാരില്‍ ഒരാളായി മാറുകയായിരുന്നു.
പിതാവിനായി ശക്തമായി നിലകൊള്ളുന്ന മകന്‍ എറിക് ട്രംപ് ‘ഇതുവരെ ജീവിച്ചിരുന്ന ഏറ്റവും മികച്ച പ്രസിഡന്റ്’ എന്നാണ് ട്രംപിനെ വിശേഷിപ്പിച്ചത്.
ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ്, സൗത്ത് കാരലൈന മുന്‍ ഗവര്‍ണറും ഇന്ത്യന്‍ വംശജയുമായ നിക്കി ഹേലി തുടങ്ങിയ മുന്‍നിര നേതാക്കള്‍ പങ്കെടുക്കുന്ന കണ്‍വെന്‍ഷന്‍ വ്യാഴാഴ്ച അവസാനിക്കും.
അതേസമയം, ട്രംപ് കൂടുതല്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോള്‍, പ്രസിഡന്റ് ജോ ബൈഡന്‍ ദുര്‍ബലമായ വോട്ടെടുപ്പിലും അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ഡെമോക്രാറ്റിക് ആശങ്കകളിലും വലയുകയാണ്.















