മാധ്യമശ്രദ്ധ നിലനിര്‍ത്താന്‍ പാടുപെട്ട് ട്രംപ്; കമലയാണെങ്കില്‍ ഒരുമുഴം മുമ്പേ

വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമലാ ഹാരിസുമായുള്ള പോരാട്ടത്തില്‍ മാധ്യമശ്രദ്ധ നിലനിര്‍ത്താന്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ട്രംപ് പാടുപെടുന്നുവെന്ന് റിപ്പോര്‍ട്ട്.

ഡോണള്‍ഡ് ട്രംപ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനിടയില്‍, മാധ്യമശ്രദ്ധ പിടിച്ചുപറ്റുന്നതില്‍ അധിക്ഷേപങ്ങളും അസത്യങ്ങളും വെറുംവാക്കുകളും ഉപയോഗിച്ച് എതിരാളികളെ വീഴ്ത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ മഹാശക്തി. മുമ്പ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴും ഇക്കുറി മത്സരത്തിനിറങ്ങിയപ്പോഴും അത് കൃത്യമായി പാലിച്ചുപോന്നു. എന്നാല്‍, ബൈഡനേക്കാള്‍ തോല്‍പ്പിക്കാന്‍ എളുപ്പമെന്ന് ട്രംപ് ഉറക്കെ വിളിച്ചു പറഞ്ഞ കമല കാര്യങ്ങള്‍ മാറ്റി മറിക്കുകയായിരുന്നു. കമല പ്രചാരണം തുടങ്ങിയ കഴിഞ്ഞ അഞ്ചാഴ്ചയായി ട്രംപിന് സമനില തെറ്റി.

അതിനാല്‍, ഡെമോക്രാറ്റുകള്‍ ചിക്കാഗോയില്‍ ഒത്തുകൂടിയപ്പോള്‍, ട്രംപ് വെറുതെ ഇരുന്നില്ല. മറ്റ് പാര്‍ട്ടിയുടെ കണ്‍വെന്‍ഷനില്‍ ഇടവേള എടുക്കുന്ന പാരമ്പര്യം അദ്ദേഹം ഉപേക്ഷിച്ചു. കമലയെ തകര്‍ക്കാനുള്ള പദ്ധതി തേടുകയായിരുന്നു. ജനപ്രീതി കുതിച്ചുയരുന്ന കമല ഹാരിസിനെ ലക്ഷ്യമിട്ട് ഒരു ക്രോസ്-കണ്‍ട്രി ടൂര്‍ ആരംഭിച്ചു ട്രംപ്.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം കമലാ ഹാരിസ് സ്വീകരിച്ചതിന് തൊട്ടുപിന്നാലെ കമലാ ഹാരിസില്‍ നിന്ന് മാധ്യമശ്രദ്ധ പിടിച്ചുപറ്റാമെന്ന പ്രതീക്ഷയില്‍, രാജ്യത്തുടനീളമുള്ള തന്റേതായ പരിപാടികളോടെ നാല് ദിവസത്തെ കണ്‍വെന്‍ഷന്‍ കൗണ്ടര്‍ പ്രോഗ്രാം ചെയ്യാന്‍ ട്രംപ് ശ്രമിച്ചു. എന്നിരുന്നാലും, വിദേശനയം, സമ്പദ്വ്യവസ്ഥ, കുറ്റകൃത്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ കമലാ ഹാരിസിനെക്കാള്‍ ശ്രദ്ധിക്കപ്പെടാന്‍ കാര്യമായി ഗുണം ചെയ്തില്ല.

ആവേശകരമായി അവസാനിച്ച ഡെമോക്രാറ്റിക് കണ്‍വെന്‍ഷനും ട്രംപിനെ ചൊടിപ്പിച്ചു. ചിക്കാഗോയില്‍ നടന്ന കണ്‍വെന്‍ഷനിടെ, ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ ഡസന്‍ കണക്കിന് പോസ്റ്റുകള്‍ ഉപയോഗിച്ച് കമലയെ ആക്രമിച്ചു. കമല നുണപറയുന്നുവെന്നും മാര്‍ക്സിസ്റ്റാണെന്നും ‘സഖാവ് കമലാ ഹാരിസ്’ എന്നും വിളിച്ചിരുന്നു. കമലാ ഹാരിസിനെതിരായ ട്രംപിന്റെ വ്യക്തിപരമായ ആക്രമണങ്ങള്‍, വംശീയ പരാമര്‍ശങ്ങള്‍ എന്നിവ കാട്ടുന്നത് ഇന്ത്യന്‍-അമേരിക്കന്‍ വംശജയായ സ്ത്രീയെ എതിരാളിയായി നേരിടേണ്ടി വന്നതിലുള്ള ട്രംപിന്റെ നിരാശയെ അടിവരയിടുന്നുവെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.

തന്റെ എതിരാളിയെ വ്യക്തിപരമായി ആക്രമിക്കുന്നതിന് പകരം നയപരമായ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ട്രംപ് പാടുപെടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കമലയുടെ തിരഞ്ഞെടുപ്പ് വിജയസാധ്യത ട്രംപിനൊപ്പം എത്തിയതും ചിലപ്പോള്‍ ട്രംപിനേക്കാള്‍ ഏറി വരുന്നതും ട്രംപിന് ആശങ്കയാണ്. ട്രംപിന്റെ പ്രധാന ധനസമാഹരണ സംഘം ഫെഡറല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് ചെയ്ത 48 മില്യണ്‍ ഡോളറുമായി താരതമ്യപ്പെടുത്തുമ്പോള്‍, കഴിഞ്ഞ മാസം 204 മില്യണ്‍ ഡോളര്‍ സമാഹരിച്ചതായി കമലയുടെ പ്രചാരണസംഘം ഈ ആഴ്ച അറിയിച്ചു.

അമേരിക്കന്‍ ഐക്യനാടുകളിലെ നാഷണല്‍ ഗാര്‍ഡ് അസോസിയേഷന്റെ കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്യാന്‍ 78 കാരനായ ട്രംപ് തിങ്കളാഴ്ച ഡെട്രോയിറ്റിലേക്ക് പോകും. വെള്ളിയാഴ്ച വാഷിംഗ്ടണില്‍ നടക്കുന്ന കണ്‍സര്‍വേറ്റീവ് വനിതാ ഗ്രൂപ്പിന്റെ വാര്‍ഷിക ഉച്ചകോടിയില്‍ പ്രസംഗിക്കും. എന്നാല്‍, കമലാ ഹാരിസിന്റെ പ്രചാരണം അടുത്ത ആഴ്ചയിലെ അവരുടെ നീക്കങ്ങളുടെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

More Stories from this section

family-dental
witywide