ഏതുനിമിഷവും ഇസ്രയേലിനെതിരെ ആക്രമണം ഉണ്ടായേക്കാം, അധിക സേനയെ മിഡില്‍ ഈസ്റ്റിലേക്ക് അയച്ച് അമേരിക്ക

വാഷിംഗ്ടണ്‍: ഏതുനിമിഷവും ഇറാന്‍ ഇസ്രയേലിനെതിരെ നേരിട്ട് ആക്രമണം നടത്തിയേക്കുമെന്നതിനാല്‍ യുഎസ് അധിക സേനയെ മിഡില്‍ ഈസ്റ്റിലേക്ക് മാറ്റുന്നു. അടുത്ത 24 മുതല്‍ 48 മണിക്കൂറിനുള്ളില്‍ ഇറാന്‍ ഇസ്രായേലിനെതിരെ വലിയ പ്രത്യാക്രമണം നടത്തിയേക്കുമെന്ന് ദി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് പുറത്തുവന്നത് അധിക ആശങ്ക ഉയര്‍ത്തുന്നു. ഇതേത്തുടര്‍ന്നാണ് അമേരിക്ക നീക്കങ്ങള്‍ വേഗത്തിലാക്കുന്നത്.

സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ ഇറാന്‍ കോണ്‍സുലേറ്റിന് നേരെ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി, രണ്ട് ജനറല്‍മാര്‍ ഉള്‍പ്പെടെ നിരവധി ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് കമാന്‍ഡര്‍മാരുടെ ജീവന്‍ അപഹരിച്ചതിന് പിന്നാലെയാണ് ഇറാന്‍ തിരിച്ചടിക്ക് തയ്യാറെടുക്കുന്നത്. തിരിച്ചടി കനത്തതായിരിക്കുമെന്നും ഈ ഓപ്പറേഷനില്‍ 100ലധികം ഡ്രോണുകളും നിരവധി ഡസന്‍ മിസൈലുകളും രാജ്യത്തിനുള്ളിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഉപയോഗിക്കപ്പെടാമെന്നും വിവരമുണ്ട്.

മിഡില്‍ ഈസ്റ്റിലെ വ്യാപകമായ സംഘര്‍ഷത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയില്‍, അമേരിക്കയുടെ പ്രതിരോധ സേനയുടെ തലവന്‍ ജനറല്‍ മൈക്കല്‍ എറിക് കുറില്ലോണ്‍ വെള്ളിയാഴ്ച ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്, ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഹെര്‍സി ഹാലേവ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

ഇസ്രയേലിനെയും അമേരിക്കയെയും വേര്‍പെടുത്താന്‍ കഴിയുമെന്ന് ശത്രുക്കള്‍ കരുതുന്നുവെന്നും എന്നാല്‍ അവര്‍ ‘ഞങ്ങളെ ഒരുമിച്ച് കൊണ്ടുവരികയും ഞങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുന്നു’ എന്നുമാണ് ഇസ്രയേല്‍ വ്യക്തമാക്കുന്നത്. മാത്രമല്ല, ഹമാസിനും ഹിസ്ബുള്ളയ്ക്കും ധനസഹായം നല്‍കുന്ന ഇറാനെ ‘ഭീകര സംഘടന’ എന്ന് വിളിച്ച ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രായേലും യുഎസും തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു. അമേരിക്കയോട് അടുത്ത സഹകരണത്തോടെ കര -വ്യോമ തലങ്ങളില്‍ സ്വയം പ്രതിരോധിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും, എങ്ങനെ പ്രതികരിക്കണമെന്ന് ഞങ്ങള്‍ക്കറിയാമെന്നും ഇസ്രയേല്‍ വ്യക്തമാക്കുന്നു.

More Stories from this section

family-dental
witywide