
ഫ്‌ളോറിഡ: ശസ്ത്രക്രിയയ്ക്കിടെ ഭാര്യ മരിച്ചതിനെ തുടര്‍ന്ന് യുഎസില്‍ പ്ലാസ്റ്റിക് സര്‍ജന്‍ അറസ്റ്റിലായി. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു സംഭവം. ഭര്‍ത്താവും സര്‍ജനുമായി ബെഞ്ചമിന്‍ ബ്രൗണ്‍ ഭാര്യ ഹിലാരി എല്ലിംഗ്ടണ്‍ ബ്രൗണിന്റെ സര്‍ജറി നടത്തുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച ഭാര്യ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ബെഞ്ചമിന്‍ ബ്രൗണിനെ തിങ്കളാഴ്ച കസ്റ്റഡിയിലെടുക്കുകയും ഭാര്യയുടെ മരണത്തില്‍ മനഃപൂര്‍വമായ അശ്രദ്ധവരുത്തിയതിന് നരഹത്യാ കുറ്റം ചുമത്തുകയും ചെയ്തു. വെള്ളിയാഴ്ച അറസ്റ്റ് ചെയ്യാനുള്ള വാറണ്ട് പുറപ്പെടുവിച്ചതിന് ശേഷം അദ്ദേഹം പോലീസിന് കീഴടങ്ങിയിരുന്നു.
നവംബര്‍ 21-നാണ് ഹിലാരിയുടെ സര്‍ജറി നിശ്ചയിച്ചിരുന്നത്. ചുണ്ട്, ചെവി, വയര്‍ അടക്കമുള്ള ഇടങ്ങളില്‍ പ്ലാസ്റ്റിക് സര്‍ജറി നിശ്ചയിച്ചിരുന്നു. ഇതിനു മുന്നോടിയായി ചില ഗുളികകളും ഹിലാരി കഴിച്ചിരുന്നു. മാത്രമല്ല അവര്‍ സ്വന്തമായാണ് അനസ്‌തേഷ്യ എടുത്തത്. തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് മുറിയിലേക്ക് എത്തിയപ്പോഴേക്കും ഹിലാരി മയങ്ങിപ്പോയിരുന്നു. എന്നാല്‍ ഭാര്യ സ്വയം അനസ്‌തേഷ്യ എടുത്തത് മനസിലാക്കാതെ സര്‍ജനായ ഭര്‍ത്താവ് അധിക ഡോസ് നല്‍കുകയായിരുന്നു. പിന്നീട് ഹൃദയസ്തംഭനം മൂലം ഹിലാരി മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
ഒരു സ്ത്രീക്ക് തീരെ സുഖമില്ലെന്ന വിവരമറിഞ്ഞെത്തിയ പൊലീസാണ് ഹിലാരിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പിന്നീട് അവരുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ദമ്പതികള്‍ക്ക് മൂന്നുമക്കളുണ്ട്.
പോസ്റ്റുമോര്‍ട്ടവും അതുമായി ബന്ധപ്പെട്ട പ്രോട്ടോക്കോളും അമേരിക്കയില്‍ സാധാരണയായി നിരവധി മാസങ്ങള്‍ എടുക്കും. കാരണം ഇത് സാധാരണയായി വിപുലമായ ലബോറട്ടറി, ടോക്‌സിക്കോളജി ടെസ്റ്റുകള്‍, മരണത്തിന്റെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് പ്രധാന ക്രൈം ഡിറ്റക്ടീവുകള്‍ ശേഖരിച്ച വിവരങ്ങള്‍ എന്നിവയെ ആശ്രയിച്ചിരിക്കുന്നുവെന്ന് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു.















