അഹമ്മദാബാദ്: ഗുജറാത്തിലെ ഹോട്ടലില്‍ വെച്ച് കാമുകനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനു പിന്നാലെ രക്തസ്രാവമുണ്ടായി 23 കാരി മരിച്ചു. ലൈംഗിക ബന്ധത്തിലൂടെയുണ്ടായ അമിത രക്തസ്രാവമാണ് മരണകാരണമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് വ്യക്തമാക്കി.
സെപ്തംബര്‍ 23 ന് നവസാരി ജില്ലയിലാണ് സംഭവം. 23 കാരിയായ നഴ്സിംഗ് ബിരുദധാരിയും കാമുകനും ഹോട്ടലില്‍ വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ യുവതിക്ക് രക്തസ്രാവമുണ്ടായി. ഇരുവരും ഭയപ്പെട്ടു. എന്നാല്‍ യുവതിയെ ആശുപത്രിയിലെത്തിക്കുന്നതിനു പകരം രക്തസ്രാവം എങ്ങനെ നിര്‍ത്താമെന്ന് കാമുകന്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞ് സമയം കളഞ്ഞതാണ് കാര്യങ്ങള്‍ വഷളാക്കിയത്.
രക്തസ്രാവം തടയാന്‍ തുണി ഉപയോഗിച്ച് ഇയാള്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് കുറച്ച് സമയത്തിന് ശേഷം യുവതി ബോധരഹിതയായി. പരിഭ്രാന്തനായ അയാള്‍ ഒരു സുഹൃത്തിനെ ഹോട്ടലിലേക്ക് വിളിച്ച് വരുത്തുകയും പിന്നീട് യുവതിയെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. അവിടെ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. കാമുകന്‍ മാതാപിതാക്കളെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും അവര്‍ എത്തുമ്പോഴേക്കും മകള്‍ മരണത്തിന് കീഴടങ്ങിയിരുന്നു.
ദാരുണമായ സംഭവത്തെത്തുടര്‍ന്ന് 26 കാരനായ യുവാവിനെ അറസ്റ്റ് ചെയ്യുകയും ഇയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.