നടുങ്ങി യുഎസ്, വീണ്ടും കൂട്ട വെടിവെപ്പ്; പാർട്ടി നടക്കുന്നതിനിടെയുണ്ടായ ആക്രമണത്തിൽ രണ്ട് മരണം, നിരവധി പേർക്ക് ഗുരുതര പരിക്ക്

നോർത്ത് കരോലിന: നോർത്ത് കരോലിനയുടെ തെക്കുകിഴക്കൻ മേഖലയിൽ വാരാന്ത്യത്തിൽ നടന്ന വലിയൊരു പാർട്ടിക്കിടെയുണ്ടായ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് ശനിയാഴ്ച അറിയിച്ചു. റോബ്സൺ കൗണ്ടി ഷെരീഫ് ബർണിസ് വിൽക്കിൻസിന്റെ ഓഫീസിൽ നിന്നുള്ള പത്രക്കുറിപ്പിൽ, 13 പേർക്ക് വെടിയേറ്റതായി പറയുന്നു. സൗത്ത് കരോലിന അതിർത്തിക്ക് സമീപം റാലെയ്ക്ക് 150 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് മാക്സ്റ്റണിന് പുറത്തുള്ള ഒരു ഗ്രാമീണ മേഖലയിലാണ് സംഭവം നടന്നത്.

കൊലപാതക കേസുകൾ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരും മറ്റുള്ളവരും സ്ഥലത്ത് എത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. “ഇതൊരു ഒറ്റപ്പെട്ട സംഭവമായി തോന്നുന്നതിനാൽ നിലവിൽ ഭീഷണിയൊന്നുമില്ല,” പത്രക്കുറിപ്പിൽ പറയുന്നു. പോലീസ് സ്ഥലത്തെത്തുന്നതിന് മുമ്പ് 150-ൽ അധികം ആളുകൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായി വിൽക്കിൻസിന്റെ ഓഫീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് വിവരമുള്ളവരും സ്ഥലത്തുണ്ടായിരുന്നവരും ഇൻവെസ്റ്റിഗേറ്റർമാരുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും പേരുകൾ ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ ശനിയാഴ്ച പുറത്തുവിട്ടിട്ടില്ല. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

More Stories from this section

family-dental
witywide