
വാഷിംഗ്ടന്‍ : യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ മീഡിയം, ഹെവി ട്രക്കുകള്‍ക്കും 25% തീരുവ ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 2025 നവംബര്‍ 1 മുതലാണ് തീരുമാനം പ്രാബല്യത്തില്‍ വരിക.
”2025 നവംബര്‍ 1 മുതല്‍, മറ്റ് രാജ്യങ്ങളില്‍ നിന്ന് യു.എസിലേക്ക് വരുന്ന മീഡിയം, ഹെവി ഡ്യൂട്ടി ട്രക്കുകള്‍ക്കും 25% തീരുവ ഏര്‍പ്പെടുത്തും. ഈ വിഷയത്തില്‍ നിങ്ങള്‍ ശ്രദ്ധ ചെലുത്തുന്നതിനു നന്ദി”, ഡോണള്‍ഡ് ട്രംപ് സമൂഹ മാധ്യമത്തില്‍ കുറിച്ചു. 2024 ല്‍, പ്രധാനമായും കാനഡയില്‍ നിന്നും മെക്‌സികോയില്‍ നിന്നും, യുഎസിലേക്ക് ഇറക്കുമതി ചെയ്തത് 2,45,764 മീഡിയം, ഹെവി ഡ്യൂട്ടി ട്രക്കുകളാണ്. ഇത് അമേരിക്കന്‍ നിര്‍മ്മാതാക്കളെ വിദേശ മത്സരത്തില്‍ നിന്ന് പിന്തുണയ്ക്കുന്നതിനുള്ള ട്രംപിന്റെ ശ്രമത്തിന്റെ ഭാഗം കൂടിയാണ്.
ഏപ്രില്‍ മുതല്‍ ട്രംപിന്റെ തീരുവകള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന ഇന്ത്യയ്ക്ക് ആശ്വാസം പകരുന്ന നീക്കമാണിത്. കാരണം ഇന്ത്യ യുഎസിലേക്ക് ട്രക്കുകള്‍ കയറ്റുമതി ചെയ്യുന്നില്ല. വാഷിംഗ്ടണിന്റെ വിപുലമായ വ്യാപാര നടപടികള്‍ കാരണം ദക്ഷിണേഷ്യന്‍ രാഷ്ട്രമായ ഇന്ത്യ ഇതിനകം തന്നെ സ്റ്റീല്‍, അലുമിനിയം മുതല്‍ ഇലക്ട്രോണിക്‌സ് വരെയുള്ള നിരവധി വസ്തുക്കള്‍ക്ക് 50 ശതമാനം വരെ ഉയര്‍ന്ന തീരുവ നേരിടുന്നുണ്ട്.












