35 അടി 9 ഇഞ്ച് ഉയരം, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സൂര്യകാന്തി ഇതാ ഇവിടെയുണ്ട്, യുക്രെയ്‌ന്റെ ഓര്‍മ്മകള്‍പേറി വളരുന്നു

ഇന്ത്യാനയിലെ ഫോര്‍ട്ട് വെയ്നില്‍, ഒരു സൂര്യകാന്തിച്ചെടിയുണ്ട്. വളര്‍ന്ന് വളര്‍ന്ന് ഇപ്പോള്‍ മേല്‍ക്കൂരകള്‍ക്കും, വൈദ്യുതി കേബിളുകള്‍ക്കും, അയല്‍പക്കത്തുള്ള മറ്റെല്ലാറ്റിനും മുകളിലേക്ക് തലയുയര്‍ത്തി നില്‍ക്കുകയാണ് ‘ക്ലോവര്‍’ എന്ന് വിളിപ്പേരുള്ള ഈ സൂര്യകാന്തി. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പ്രകാരം ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ഉയരം കൂടിയ സൂര്യകാന്തിയാണ്.

പുഷ്പം വളര്‍ത്തിയ 47 കാരനായ അലക്‌സ് ബാബിച്ച് അഭിമാന നിമിഷത്തിലൂടെയാണ് കടന്നുപോകുന്നത്. 90 കളുടെ തുടക്കത്തില്‍ ചെര്‍ണോബില്‍ ദുരന്തത്തെത്തുടര്‍ന്ന് യുക്രെയ്നില്‍ നിന്ന് യുഎസിലേക്ക് കുടിയേറിയ ബാബിച്ച്, ഏഴ് വര്‍ഷം മുമ്പാണ് സൂര്യകാന്തിച്ചെടികള്‍ വളര്‍ത്താന്‍ തുടങ്ങിയത്. യുക്രെയ്നിന്റെ ദേശീയ പുഷ്പമായ സൂര്യകാന്തി, തന്റെ ജന്മനാടിനോടുള്ള ആദര സൂചകമായിട്ടാണ് ബാബിച്ച് വളര്‍ത്തിത്തുടങ്ങിയത്. ഇത് സമാധാനത്തിന്റെയും പ്രതിരോധശേഷിയുടെയും പ്രതീകം കൂടിയാണ്.

”യുദ്ധം അവസാനിക്കട്ടെ, കൊലപാതകം നിര്‍ത്തട്ടെ എന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു, ശരിയായ സ്ഥലങ്ങളില്‍ ചില ആളുകളെ ഇത് പ്രചോദിപ്പിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു” ബാബിച്ച് പറഞ്ഞു.’ക്ലോവര്‍’ വര്‍ഷങ്ങളുടെ പരീക്ഷണങ്ങളുടെ ഫലമാണെന്ന് ഊന്നിപ്പറഞ്ഞ ബാബിച്ച്, ഇതെല്ലാം തന്റെ ആദ്യത്തെ 13 അടി ഉയരമുള്ള സൂര്യകാന്തിയില്‍ നിന്നാണ് ആരംഭിച്ചതെന്നും വെളിപ്പെടുത്തി.
നേരത്തെ യുക്രെയ്‌നിയന്‍ സ്പിരിറ്റ് എന്നൊരു സൂര്യകാന്തി ബാബിച്ച് വളര്‍ത്തിയിരുന്നു. റഷ്യ-യുക്രെയ്ന്‍ യുദ്ധം കൊടുമ്പിരി കൊണ്ടിരുന്ന സമയത്താണ് ഇതു വളര്‍ത്തിയത്.

ആ വലിയ നിമിഷം

സെപ്റ്റംബര്‍ 3 ന്, ബാബിച്ചിന്റെ മുറ്റം ഒരു ലോക റെക്കോര്‍ഡ് ശ്രമത്തിന് വേദിയായി. പ്രാദേശിക മാസ്റ്റര്‍ ഗാര്‍ഡനര്‍മാര്‍ മുതല്‍ അലന്‍ കൗണ്ടി വെയ്റ്റ്‌സ് ആന്‍ഡ് മെഷര്‍സ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ വരെ ഏകദേശം 85 പേര്‍ പങ്കെടുത്തു. 40 അടി നീളമുള്ള ഒരു ചെറി പിക്കര്‍ ഉപയോഗിച്ച് അളവ് 35 അടി 9 ഇഞ്ച് എന്ന് രേഖപ്പെടുത്തി. ഇതോടെ ജര്‍മ്മനിയില്‍ നിന്നുള്ള മുന്‍ റെക്കോര്‍ഡ് മറികടന്ന് അമേരിക്കന്‍ മണ്ണില്‍ വളര്‍ന്ന സൂര്യകാന്തി അഭിമാനനേട്ടം കൊയ്തു.

More Stories from this section

family-dental
witywide