
വാഷിംഗ്ടൺ: ഇറാനുമായുള്ള ദീർഘകാല വെടിനിർത്തൽ കരാറിന്റെ ഭാഗമായി, ഇറാനിയൻ എണ്ണ വില്പനയ്ക്കുള്ള ഉപരോധങ്ങൾ ട്രംപ് ഭരണകൂടം താല്ക്കാലികമായി നീക്കി. സ്വിറ്റ്‌സർലൻഡിൽ ഇരുരാജ്യങ്ങളും തമ്മിൽ നടന്ന ചർച്ചകൾക്ക് പിന്നാലെയാണ് തിങ്കളാഴ്ച 60 ദിവസത്തെ ഇളവ് പ്രഖ്യാപിച്ചുകൊണ്ട് യുഎസ് ഉത്തരവിറക്കിയത്. ഇറാനുമായി നടത്തിയത് തികച്ചും ഫലപ്രദമായ ചർച്ചകളായിരുന്നുവെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതവും തടസ്സമില്ലാത്തതുമായ കപ്പൽ ഗതാഗതം ഉറപ്പാക്കാമെന്നും ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി ഇൻസ്പെക്ടർമാർക്ക് രാജ്യത്ത് പരിശോധന നടത്താൻ അനുമതി നൽകാമെന്നും ഇറാൻ സമ്മതിച്ചിട്ടുണ്ടെന്ന് സ്കോട്ട് ബെസെന്റ് എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇറാന് എണ്ണ ഉൽപ്പാദിപ്പിക്കാനും വിതരണം ചെയ്യാനും വിൽക്കാനുമുള്ള അനുമതി താല്ക്കാലികമായി ട്രഷറി വകുപ്പ് നൽകിയത്. ഈ പുതിയ ഇളവ് പ്രകാരം ഓഗസ്റ്റ് 21 പുലർച്ചെ 12:01 വരെ അമേരിക്ക ഉൾപ്പെടെയുള്ള ലോകത്തെ ഏത് രാജ്യങ്ങളിലേക്കും ഉപരോധങ്ങളില്ലാതെ എണ്ണ കയറ്റുമതി ചെയ്യാൻ ഇറാന് സാധിക്കും.
വർഷങ്ങളായി തുടരുന്ന കടുത്ത സാമ്പത്തിക ഉപരോധങ്ങൾ കാരണം പ്രതിസന്ധിയിലായ ഇറാന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഈ തീരുമാനം വലിയൊരു ഉത്തേജനമാകും. ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറക്കുന്നതിനും ആഗോളതലത്തിലുള്ള ഊർജ്ജ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനുമായാണ് ട്രംപ് ഭരണകൂടം ഈ വിട്ടുവീഴ്ചയ്ക്ക് തയ്യാറായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.













